ഒരു സീറ്റിന് 1.6 ലക്ഷം രൂപ; ലോക്ക്ഡൗണില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് ഉടമകള്‍ക്കരികില്‍ എത്താന്‍ പ്രൈവറ്റ് ജെറ്റ് വിമാന സര്‍വ്വീസ് ഒരുക്കി യുവ സംരഭക

ന്യൂഡല്‍ഹി: കൊവിഡ് കാലത്ത് വളര്‍ത്തുമൃഗങ്ങള്‍ക്ക് ഡല്‍ഹിയില്‍ നിന്നും മുംബൈയിലേക്ക് യാത്ര ചെയ്യാന്‍ പ്രത്യേക വിമാന സര്‍വ്വീസ് ഒരുക്കി യുവ സംരഭക. മുംബൈ സ്വദേശിയായ ദീപികാ സിംഗാണ് ഒറ്റപ്പെട്ടുപോയ വളര്‍ത്തുമൃഗങ്ങള്‍ക്ക് ഉടമകള്‍ക്ക് അരികിലേക്കെത്താന്‍ പ്രൈവറ്റ് ജെറ്റ് വിമാന സര്‍വ്വീസ് ഒരുക്കിയത്.

ലോക്ക്ഡൗണിലും കൊവിഡ് 19 വ്യാപനത്തിനും പിന്നാലെ തന്റെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നാട്ടിലേക്ക് മടങ്ങുമ്പോള്‍ അവരുടെ വളര്‍ത്തുമൃഗങ്ങളെ ഒപ്പം കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. ഈ ചിന്തയില്‍ നിന്നാണ് വളര്‍ത്തുമൃഗങ്ങള്‍ക്കായി സ്വകാര്യ ജെറ്റ് വിമാനമൊരുക്കാനുള്ള നടപടിക്ക് പ്രേരിപ്പിച്ചതെന്ന് ദീപിക സിംഗ് മുംബൈ മിററിനോട് പ്രതികരിക്കുന്നു.

ഡല്‍ഹിയിലെ ഏതാനും ബന്ധുക്കള്‍ക്കായി സ്വകാര്യ വിമാനം ഒരുക്കിയപ്പോള്‍ അവരില്‍ നിന്ന് ലഭിച്ച പ്രതികരണമാണ് വിചിത്രമെന്ന് തോന്നുന്ന തീരുമാനത്തിലേക്ക് ഈ 25കാരിയെ എത്തിച്ചത്. ആറ് സീറ്റുള്ള ഒരു സ്വകാര്യ വിമാനമാണ് ഇത്തരത്തില്‍ വളര്‍ത്തുമൃഗ സര്‍വ്വീസിനായി തയ്യാറെടുക്കുന്നത്.

9.06 ലക്ഷം രൂപ ചെലവിലാണ് സര്‍വ്വീസ് ഒരുങ്ങുന്നത്. ഒരു സീറ്റിന് ചെലവാകുന്നത് 1.6 ലക്ഷം രൂപയാണ്. പക്ഷികള്‍, നായകള്‍, പൂച്ചകള്‍ തുടങ്ങിയ വളര്‍ത്തുമൃഗങ്ങള്‍ക്ക് സുരക്ഷിതമായി വിമാനത്തില്‍ യാത്ര ചെയ്യാന്‍ സാധിക്കും. കൊവിഡ് 19 നിയന്ത്രണങ്ങള്‍ അനുസരിച്ചാകും വിമാന സര്‍വ്വീസ്.

വളര്‍ത്തുമൃഗങ്ങള്‍ക്ക് കൊവിഡ് സ്‌ക്രീനിംഗുണ്ടാകുമെന്ന് വിമാന സര്‍വ്വീസ് ഉടമ അസേര്‍ഷന്‍ ഏവിയേഷന്‍ ഉടമ രാഹുല്‍ മുച്ഛല്‍ പറഞ്ഞു. ജൂണ്‍ പകുതിയോടെയാണ് പ്രത്യേക വിമാനം പുറപ്പെടുക. നാല് യാത്രക്കാര്‍ ഇതിനോടകം ദീപികയുടെ പ്രത്യേക വിമാനത്തിലെ ടിക്കറ്റ് കരസ്ഥമാക്കിക്കഴിഞ്ഞു.

Exit mobile version