മഹീന്ദ്രയുടെ സ്വരാജ് ട്രാക്ടര്‍ സ്വന്തമാക്കി ധോണി

മഹീന്ദ്രയുടെ സ്വരാജ് ട്രാക്ടര്‍ സ്വന്തമാക്കി മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി. ധോണിയുടെ ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്ങ്സിന്റെ ട്വിറ്റര്‍ ഹാന്‍ഡിലാണ് ധോണിയുടെ പുതിയ ട്രാക്ടറിന്റെ വീഡിയോ പങ്കുവെച്ചത്.

ഇതിനുപുറമെ, മഹീന്ദ്രയുടെ ഓട്ടോ ആന്‍ഡ് ഫാം സെക്ടര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാജേഷ് ജെജുരികറും ഇക്കാര്യം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. താങ്കളുടെ ഫാമിലേക്ക് മഹീന്ദ്രയുടെ ട്രാക്ടര്‍ തിരഞ്ഞെടുത്തതിന് നന്ദി എന്ന കുറിപ്പോടെയാണ് രാജേഷ് ഈ വീഡിയോ പങ്കുവെച്ചത്.

ക്രിക്കറ്റും വാഹനങ്ങളും പോലെ തന്നെ കൃഷിയിലും തത്പരനാണ് ധോണി. ലോക്ക്ഡൗണ്‍ കാലത്ത് അദ്ദേഹം കൃഷിയിലേക്ക് തിരിഞ്ഞിരിക്കുകയായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനാണ് അദ്ദേഹം പ്രധാന്യം നല്‍കുന്നതെന്നും റഞ്ചിയിലെ അദ്ദേഹത്തിന്റെ സ്വന്തം കൃഷിയിടത്തിലേക്കാണ് മഹീന്ദ്രയുടെ സ്വരാജ് 963 എഫ്ഇ ട്രാക്ടര്‍ സ്വന്തമാക്കിയിരിക്കുന്നത് എന്നുമാണ് റിപ്പോര്‍ട്ട്.

Exit mobile version