തോക്കിന്‍ മുനയില്‍ നിര്‍ത്തി സ്‌പൈസ് ജെറ്റ് പൈലറ്റിനെ കൊള്ളയടിച്ചു; സംഘത്തില്‍ 10ഓളം പേര്‍

ന്യൂഡല്‍ഹി: തെക്കന്‍ ഡല്‍ഹിയില്‍ സ്പൈസ് ജെറ്റ് പൈലറ്റിനെ തോക്കിന്‍ മുനയില്‍ നിര്‍ത്തി കൊള്ളയടിച്ചു. സ്പൈസ് ജെറ്റ് വിമാനത്തിന്റെ ക്യാപ്റ്റനായ യുവരാജ് തെവാടിയയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. 10ഓളം പേര്‍ അടങ്ങുന്ന സംഘം അര്‍ധരാത്രിയിലാണ് പൈലറ്റിനെ കൊള്ളയടിച്ചത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിക്ക് സമീപമുള്ള ഒരു ഫ്ളൈഓവറില്‍ വെച്ചാണ് ആക്രമണത്തിന് ഇരയായത്.

പുലര്‍ച്ചെ ഒരു മണിയോടെ ഫരീദാബാദിലെ വീട്ടില്‍ നിന്ന് ഓഫീസ് കാറില്‍ വിമാനത്താവളത്തിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. ഇരുചക്രവാഹനങ്ങളില്‍ എത്തിയവരാണ് കാര്‍ തടഞ്ഞുനിര്‍ത്തി യുവരാജിനെ ആക്രമിച്ചത്. പൈലറ്റിന്റെ കാറിനെ വളഞ്ഞ സംഘം ചില്ല് തകര്‍ത്തശേഷം പിസ്റ്റള്‍ ഉപയോഗിച്ച് ആദ്യം പൈലറ്റിന്റെ തലയ്ക്കടിച്ചു. ശേഷം കൊള്ളയടിക്കുകയായിരുന്നു. പൈലറ്റിന്റെ കൈവശമുണ്ടായിരുന്ന 34,000 രൂപയോളമാണ് നഷ്ടപ്പെട്ടത്.

ഐഐടി-ഡല്‍ഹിക്ക് സമീപം കഴിഞ്ഞ ദിവസങ്ങളില്‍ സമാനമായ രീതിയില്‍ വേറെയും അക്രമങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ആക്രമികള്‍ പോയശേഷം പൈലറ്റ് തന്നെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തിയാണ് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്.

Exit mobile version