പ്രതിരോധ സെക്രട്ടറിക്ക് കൊവിഡ് സ്ഥിരീകരിച്ചു; പ്രതിരോധ മന്ത്രാലയത്തിലെ 35 ഉദ്യോഗസ്ഥരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചു

ന്യൂഡല്‍ഹി: പ്രതിരോധ സെക്രട്ടറി അജയ് കുമാറിന് കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് പരിശോധനാ ഫലം ലഭിച്ചത്. പ്രതിരോധ സെക്രട്ടറിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിരോധ മന്ത്രാലയത്തിലെ 35 ഉദ്യോഗസ്ഥരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. പ്രതിരോധ സെക്രട്ടറി അജയ് കുമാറുമായി അടുത്ത് ഇടപഴകിയ എല്ലാവരേയും കണ്ടെത്താനുളള ശ്രമം തുടരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് അജയ് കുമാര്‍. അതേസമയം വീട്ടില്‍ ക്വാറന്റൈനില്‍ തുടരുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അജയ് കുമാറിന് രോഗം സ്ഥിരീകരിച്ച വിഷയത്തില്‍ പ്രതിരോധ മന്ത്രാലയ വക്താവ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംങ് കഴിഞ്ഞ ദിവസം ഓഫീസില്‍ എത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. രാജ്നാഥ് സിംങിന് പുറമേ സൈനിക മേധാവി, നാവികസേന മേധാവിയുടേയും ഓഫീസുകള്‍ ഇതേ ബ്ലോക്കിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനു പുറമെ ആരോഗ്യ മന്ത്രാലയത്തിലെ ചില ഉദ്യോഗസ്ഥര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഔദ്യോഗിക യോഗങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാക്കാന്‍ ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിരിക്കുകയാണ്. ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും സാമൂഹിക അകലം പാലിക്കണമെന്നും മാസ്‌ക് ധരിക്കണമെന്നും നിര്‍ദേശമുണ്ട്.

Exit mobile version