കൊവിഡ് 19; രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത് 8909 പേര്‍ക്ക്, വൈറസ് ബാധിതരുടെ എണ്ണം 2 ലക്ഷം കടന്നു, 24 മണിക്കൂറിനിടെ മരിച്ചത് 217 പേര്‍, മരണസംഖ്യ 5815 ആയി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 8909 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 2ലക്ഷം കവിഞ്ഞു. ഇതുവരെ 207,615 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 101,497 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 217 പേരാണ് രാജ്യത്ത് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 5815 ആയി ഉയര്‍ന്നു. ഇതുവരെ 100303 പേരാണ് രോഗമുക്തി നേടിയത്.

അതേസമയം മഹാരാഷ്ട്രയില്‍ വൈറസ് വ്യാപനം തുടരുകയാണ്. 72,300 പേര്‍ക്കാണ് ഇതിനോടകം വൈറസ് ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂൂറിനിടെ 103 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇക്കാലയളവില്‍ 2287 പേര്‍ക്ക് പുതുതായി രോഗബാധ കണ്ടെത്തിയതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

രാജ്യത്തിന്റെ വ്യാവസായിക തലസ്ഥാനമായ മുംബൈയില്‍ വൈറസ് ബാധിതരുടെ എണ്ണവും മരണസംഖ്യയും ഉയരുകയാണ്. കഴിഞ്ഞ ദിവസം 1109 പേര്‍ക്കാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചത്. ഈ സമയപരിധിയില്‍ 49 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ നഗരത്തില്‍ വൈറസ് ബാധിതരുടെ എണ്ണം 41986 ആയി ഉയര്‍ന്നു. മരണസംഖ്യ 1368 ആണെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

Exit mobile version