കൊവിഡ് 19; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 8380 പേര്‍ക്ക്, വൈറസ് ബാധിതരുടെ എണ്ണം 182143 ആയി, മരണസംഖ്യ 5164 ആയി

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 8380 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 182143 ആയി ഉയര്‍ന്നു. 193 പേരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 5164 ആയി ഉയര്‍ന്നു. നിലവില്‍ 89,995 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയിലുളളത്. 86983 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

അതേസമയം വൈറസ് ബാധിതരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ കൊവിഡ് ലക്ഷണങ്ങള്‍ ഇല്ലാത്തവരെയും വ്യാപകമായി പരിശോധിക്കാന്‍ ഐസിഎംആര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. സെറോളജിക്കല്‍ സര്‍വ്വേ നടത്താനാണ് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ജനസാന്ദ്രത കൂടിയ മേഖലകളില്‍ ആദ്യഘട്ട പരിശോധന നടത്താനാണ് തീരുമാനം.

ആഗോളതലത്തില്‍ വൈറസ് ബാധിതരുടെ എണ്ണം അറുപത്തി ഒന്നരലക്ഷം കടന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ ഒരുലക്ഷത്തി ഇരുപതിനായിരത്തിലധികം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തി എഴുപതിനായിരം കടന്നു. ആയിരത്തിലധികം പേരാണ് അമേരിക്കയില്‍ 24 മണിക്കൂറിനിടെ മരിച്ചത്. ബ്രസീലില്‍ എണ്ണൂറിലധികം പേര്‍ 24 മണിക്കൂറിനിടെ മരിച്ചു. മുപ്പതിനായിരത്തിലധികം പേര്‍ക്കാണ് ബ്രസീലില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്.

Exit mobile version