മരുന്നിനൊപ്പം എച്ച്‌ഐവി കലര്‍ന്ന ഗ്ലൂക്കോസ് നല്‍കി വിവാഹമോചനം ആവശ്യപ്പെട്ടു; ഡോക്ടര്‍ ആയ ഭര്‍ത്താവിനെതിരെ യുവതി പരാതി നല്‍കി

ഇത് സംബന്ധിച്ച് ഹോമിയോപ്പതി ഡോക്ടറായ ഭര്‍ത്താവിനെതിരെ പൂനെ സ്വദേശിയായ യുവതി പോലീസില്‍ പരാതി നല്‍കി.

പൂനെ: തനിക്ക് സുഖമില്ലാതിരുന്നപ്പോള്‍ ഗ്ലൂക്കോസ് മൂലം ഭര്‍ത്താവ് എയ്ഡ്‌സ് പരത്തിയെന്ന ഗുരുതര ആരോപണവുമായി യുവതി രംഗത്ത്. ഇത് സംബന്ധിച്ച് ഹോമിയോപ്പതി ഡോക്ടറായ ഭര്‍ത്താവിനെതിരെ പൂനെ സ്വദേശിയായ യുവതി പോലീസില്‍ പരാതി നല്‍കി. വിവാഹ മോചനത്തിനായാണ് ഭര്‍ത്താവ് ഈ കൊടും ക്രൂരത ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. 2015ലാണ് ഇരുവരും വിവാഹിതരായത്.

അന്നുമുതല്‍ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ യുവതിയെ സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ യുവതിക്ക് മറ്റെന്തോ അസുഖം ബാധിച്ചു. ആ സമയം ഭര്‍ത്താവായ ഡോക്ടര്‍ വീട്ടില്‍വെച്ച് മരുന്നിനൊപ്പം എയ്ഡ്‌സ് രോഗാണുക്കള്‍ കലര്‍ന്ന ഗ്ലൂക്കോസ് ഡ്രിപ് ഇട്ടതായാണ് യുവതി പറയുന്നത്. തുടര്‍ന്ന് ഈ ഫെബ്രുവരിയില്‍ യുവതിക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാവുകയും തുടര്‍ന്നുള്ള പരിശോധനയില്‍ ഇവര്‍ക്ക് എച്ച് ഐ വി ബാധിച്ചതായും കണ്ടെത്തി.

ഇതോടെ വിവാഹമോചനം വേണമെന്ന നിലപാടിലാണ് ഭര്‍ത്താവ്. എന്നാല്‍ എല്ലാം ചെയ്തത് ഭര്‍ത്താവാണെന്ന് ഭാര്യ ആരോപിക്കുന്നു. സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയില്‍ ഇരുവര്‍ക്കും എച് ഐ വി സ്ഥിരീകരിച്ചെങ്കിലും തുടര്‍ന്ന് സര്‍ക്കാര്‍ നേതൃത്വത്തിലുള്ള ഗവേഷണകേന്ദ്രത്തില്‍ നടത്തിയ പരിശോധനിയില്‍ ഭാര്യയില്‍ മാത്രമെ എച്ച്ഐവി സ്ഥിരീകരിച്ചിട്ടുള്ളു എന്നാണു പോലീസ് പറയുന്നത്. സംഭവത്തില്‍ കൂടുതല്‍ പരിശോധനകളും അന്വേഷണവും നടത്തുകയാണെന്ന് പോലീസ് പറഞ്ഞു.

Exit mobile version