ഹോം ക്വാറന്റൈന്‍ ലംഘിച്ചാല്‍ 2000 രൂപ പിഴ; നടപടി കര്‍ശനമാക്കി മധ്യപ്രദേശ് സര്‍ക്കാര്‍

ഭോപ്പാല്‍: കൊവിഡ് രോഗികളുടെ ദിനംപ്രതി കൂടി വരികയാണ് മധ്യപ്രദേശില്‍. ഈ സാഹചര്യത്തില്‍ നടപടി കര്‍ശനമാക്കുകയാണ് മധ്യപ്രദേശ് സര്‍ക്കാര്‍. ഹോം ക്വാറന്റീന്‍ ലംഘിച്ചാല്‍ 2000 രൂപ പിഴ ചുമത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

പിഴ ഈടാക്കുന്നതിനു പുറമെ, സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് മാറ്റാനും തീരുമാനം എടുത്തിട്ടുണ്ട്. ‘ആദ്യമായി ഒരാള്‍ ഹോം ക്വാറന്റൈന്‍ ലംഘനം നടത്തിയാല്‍ അയാള്‍ക്ക് 2000 രൂപ പിഴ ചുമത്തണം. വീണ്ടും ലംഘിച്ചാല്‍ അയാളെ ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് മാറ്റണം.’ മധ്യപ്രദേശ് സര്‍ക്കാര്‍ ബുധനാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

മധ്യപ്രദേശില്‍ ഇതുവരെ 7261 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 313 പേര്‍ മരണപ്പെടുകയും ചെയ്തു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതിന് ശേഷം മധ്യപ്രദേശടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം ഇരട്ടിച്ചതായി കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് സംസ്ഥാനത്ത് ക്വാറന്റൈന്‍ നിയന്ത്രണം കര്‍ശനമാക്കിയത്.

Exit mobile version