മെയ് 31ന് ശേഷവും ലോക്ക് ഡൗണ്‍ നീട്ടിയേക്കും, കൂടുതല്‍ ഇളവുകള്‍ ലഭിക്കാന്‍ സാധ്യത

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടിയേക്കുമെന്ന് സൂചന. കൂടുതല്‍ ഇളവുകളോടെ ലോക്ക് ഡൗണ്‍ ജൂണ്‍ 15 വരെ നീട്ടാനാണ് സാധ്യത. ഗുരുതര രോഗവ്യാപനമുള്ള രാജ്യത്തെ 11 നഗരങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് മറ്റു മേഖലകളില്‍ ഇളവുകള്‍ നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

അതേസമയം, അടച്ചിടല്‍ നീട്ടുമെന്ന വാര്‍ത്തകള്‍ അഭ്യൂഹം മാത്രമാണെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രതികരണം. ഈ മാസം 31 വരെയാണ് നാലാംഘട്ട ലോക്ക് ഡൗണ്‍. അതുകഴിഞ്ഞാണ് ഇളവുകളോടെ അഞ്ചാംഘട്ട ലോക്ക് ഡൗണ്‍. ആരാധനാലയങ്ങളും ജിമ്മുകളും തുറക്കും.

സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് ആരാധനാലയങ്ങള്‍ തുറക്കാനാണ് ആലോചന. അതേസമയം, ഉത്സവങ്ങളോ കൂട്ടംചേരലുകളോ അനുവദിക്കില്ല. സിനിമാ ഹാളുകള്‍, മാളുകള്‍, വിദ്യാലയങ്ങള്‍ എന്നിവയുടെ അടച്ചിടല്‍ നീട്ടിയേക്കുമെന്നാണ് സൂചനകള്‍.

എന്നാല്‍ രാജ്യത്തെ 70 ശതമാനം കേസും ഉണ്ടാകുന്ന 11 നഗരത്തില്‍ നാലാംഘട്ട ലോക്ക് ഡൗണിന് ശേഷവും കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. ഡല്‍ഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, അഹമ്മദാബാദ്, കൊല്‍ക്കത്ത, പുണെ, താനെ, ജയ്പുര്‍, സൂറത്ത്, ഇന്ദോര്‍ എന്നീ നഗരങ്ങളിലാണ് കടുത്ത നിയന്ത്രണങ്ങള്‍ക്ക് സാധ്യത.

31-നുശേഷവും അടച്ചിടല്‍ നീട്ടുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കഴിഞ്ഞദിവസം സൂചന നല്‍കിയിരുന്നു. മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണവും മരണ നിരക്കും കുതിച്ചുയരുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര.

Exit mobile version