കൊവിഡ് കേസുകളെ നേരിടുന്നത് കുറച്ചുകൂടി ബുദ്ധിമുട്ടുള്ള കാര്യമായി മാറി, പക്ഷേ പേടിക്കാനില്ല; മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

മുംബൈ: കൊവിഡ് കേസുകളെ നേരിടുന്നത് ഇപ്പോള്‍ കുറച്ചുകൂടി ബുദ്ധിമുട്ടുള്ള കാര്യമായി മാറിയിരിക്കുന്നുവെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. അതേസമയം പേടിക്കാനൊന്നുമില്ലെന്നും സംസ്ഥാനം ആരോഗ്യ സൗകര്യങ്ങളൊരുക്കി സജ്ജമാണെന്നും മുഖ്യമന്ത്രി പറയുന്നു. സംസ്ഥാനത്തെ കൊവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തിക്കൊണ്ട് ഓണ്‍ലൈനിലൂടെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് നാലാം ഘട്ട ലോക്ക് ഡൗണ്‍ മെയ് 31ന് അവസാനിക്കാനിരിക്കെ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ എടുത്തുമാറ്റില്ലെന്നും അടുത്ത 15 ദിവസം പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘നിരവധി പേര്‍ ഇനിയും വരുമെന്നാണ് കരുതുന്നത്. അതുകൊണ്ടു തന്നെ കൂടുതല്‍ കേസുകളുമുണ്ടാവും. കാര്യങ്ങളൊക്കെ പതുക്കെയേ നടപ്പിലാക്കാന്‍ സാധിക്കൂ. നമ്മള്‍ ഇപ്പോള്‍ ലോക്ക് ഡൗണ്‍ എടുത്തുമാറ്റില്ല,’ താക്കറെ പറയുന്നു.

അതേസമയം, ആഭ്യന്തര സര്‍വീസ് നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തോട് യോജിപ്പില്ലെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു. വ്യോമയാന മന്ത്രിയോട് സംസാരിച്ചെന്നും കേന്ദ്ര നിലപാടുമായി മുന്നോട്ട് പോകാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചതായും താക്കറെ വ്യക്തമാക്കി. സാമ്പത്തികമുണ്ടാക്കുന്നത് പതുക്കെ നോക്കാമെന്നും ഇപ്പോള്‍ വൈറസിനെ നിര്‍ത്തേണ്ടതുണ്ടെന്നും താക്കറെ പറഞ്ഞു. പാക്കേജ് പിന്നീട് അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version