കൊവിഡ് 19; സിക്കിമില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു, വൈറസ് ബാധ സ്ഥിരീകരിച്ചത് ഡല്‍ഹിയില്‍ നിന്ന് വന്ന വ്യക്തിക്ക്

ഗാങ്‌ടോക്ക്: സിക്കിമില്‍ ആദ്യ കൊവിഡ് 19 കേസ് റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയ സൗത്ത് സിക്കിം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരേയും കൊവിഡ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യാത്ത ഏക സംസ്ഥാനമായിരുന്നു സിക്കിം.

ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയ ഇയാള്‍ റബാംഗലയിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇയാളുടെ സ്രവങ്ങളുടെ പരിശോധനയില്‍ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. അതേസമയം കൊവിഡ് പരിശോധന ലാബുകള്‍ ഇതുവരേയും സംസ്ഥാനത്ത് സജ്ജീകരിച്ചിട്ടില്ലാത്തതിനാല്‍ ബംഗാളിലെ സിലിഗുരിയിലുള്ള മെഡിക്കല്‍ കോളജിലാണ് സാമ്പിളുകള്‍ പരിശോധനക്കായി അയച്ചത്.

ചൈന, ഭൂട്ടാന്‍,ബംഗാള്‍ എന്നിവയുമായി അതിര്‍ത്തി പങ്കിടുന്നത് കൊണ്ട് തന്നെ സിക്കിമില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. കഴിഞ്ഞ മൂന്ന് മാസമായി ഗ്രീന്‍സോണിലായിരുന്നു സിക്കിം. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഫെബ്രുവരി മുതല്‍ ടൂറിസ്റ്റുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു പുറമെ ഒക്ടോബര്‍ വരെ സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവര്‍ക്കും സംസ്ഥാനത്തേക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണ്.

Exit mobile version