ബംഗളൂരുവില്‍ കഴിഞ്ഞ ദിവസം മുഴങ്ങിയ അജ്ഞാത ശബ്ദം വ്യോമസേനയുടെ സൂപ്പര്‍ സോണിക് വിമാനത്തിന്റേതെന്ന് സ്ഥിരീകരണം

ബംഗളൂരു: കഴിഞ്ഞ ദിവസം വൈകുന്നേരം ബംഗളൂരുവിന്റെ വിവിധഭാഗങ്ങളിലുള്ളവര്‍ കേട്ട അജ്ഞാത ശബ്ദം ഇന്ത്യന്‍ വ്യോമസേനയുടെ സൂപ്പര്‍ സോണിക് വിമാനത്തിന്റേതാണെന്ന് സ്ഥിരീകരിച്ചു. ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം പതിവ് പരീക്ഷണ പറക്കലിലാണെന്നും നഗരപരിധിക്ക് പുറത്ത് അനുവദിച്ച വ്യോമാതിര്‍ത്തിയില്‍ പറക്കുകയാണെന്നുമാണ് പ്രതിരോധ മന്ത്രാലയത്തിന്റെ ബംഗളൂരു ഡിവിഷന്‍ ട്വീറ്ററിലൂടെ അറിയിച്ചത്.

വിമാനം 36,000 മുതല്‍ 40,000 അടി വരെ ഉയരത്തില്‍ സോണിക്കില്‍ നിന്ന് സബ്സോണിക് വേഗതയിലേക്ക് മാറുമ്പോഴാണ് സോണിക് ബൂം കേള്‍ക്കുന്നതെന്നാണ് ബംഗളൂരുവിലെ പ്രതിരോധ മന്ത്രാലയത്തിന്റെ പിആര്‍ഒ വിശദീകരിച്ചത്. 65 മുതല്‍ 80 കിലോമീറ്റര്‍ വരെ അകലത്തില്‍ വിമാനം പറക്കുമ്പോഴും ഇത്തരത്തിലുള്ള ശബ്ദം അനുഭവപ്പെടുമെന്നും ട്വിറ്ററില്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ബംഗളൂരുവിന്റെ വിവിധഭാഗങ്ങളിലുള്ളവര്‍ അജ്ഞാതമായ ശബ്ദം കേട്ടത്. ദേവനഹള്ളിയിലെ ബംഗളൂരു വിമാനത്താവളം മുതല്‍ 54 കിലോ മീറ്റര്‍ അകലെയുള്ള ഇലക്ട്രോണിക് സിറ്റി വരെ ശബ്ദം കേട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. കിഴക്കന്‍ ബംഗളൂരുവിലെ കല്യാണ്‍ നഗറിലും സെന്‍ട്രല്‍ ബംഗളൂരുവിലെ എംജി റോഡിലും സമീപ പ്രദേശങ്ങളായ മറാത്തഹള്ളി, വൈറ്റ്ഫീല്‍ഡ്, സര്‍ജപുര്‍, ഹെബ്ബഗോഡി തുടങ്ങിയ പ്രദേശങ്ങളിലുള്ളവരും ഈ ശബ്ദം കേട്ടിരുന്നു.

Exit mobile version