കൊവിഡ് 19; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 5611 പുതിയ കേസുകള്‍, വൈറസ് ബാധിതരുടെ എണ്ണം 1,06,750 ആയി, മരണസംഖ്യ 3000 കവിഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 5611 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ആദ്യമായിട്ടാണ് രോഗബാധിതരുടെ എണ്ണത്തില്‍ ഒരു ദിവസത്തില്‍ ഇത്രയേറെ വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 1,06,750 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 140 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 3303 ആയി ഉയര്‍ന്നു. നിലവില്‍ 61,149 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. 37,136 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡല്‍ഹി, ഗുജറാത്ത്, തമിഴ്‌നാട് എന്നീ മൂന്നുസംസ്ഥാനങ്ങളിലും വൈറസ് ബാധിതരുടെ എണ്ണം 10,000 കടന്നു.

ഗുജറാത്തില്‍ 12,140ഉം ഡല്‍ഹിയില്‍ 10,554ഉം തമിഴ്നാട്ടില്‍ 12,484ഉം ആണ് രോഗബാധിതരുടെ എണ്ണം. വൈറസ് ബാധിതരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞതോടെ ഇന്ത്യ ഏഷ്യയില്‍തന്നെ ഏറ്റവും കൂടുതല്‍ രോഗവ്യാപനമുള്ള രാജ്യമായി മാറിയിരിക്കുകയാണ്. മഹാമാരി കാര്യമായി ബാധിച്ച രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയെന്നും ഒരാഴ്ചയ്ക്കിടെ വൈറസ് ബാധിതരുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ധനയുണ്ടായെന്നുമാണ് ബ്ലൂംബര്‍ഗിന്റെ കൊവിഡ് ഡേറ്റയില്‍ പറയുന്നത്.

Exit mobile version