അത്യന്തം വിദ്വേഷം പരത്തുന്ന പരിപാടികള്‍ സംപ്രേഷണം ചെയ്തു, മതപ്രഭാഷകന്‍ സാകിര്‍ നായികിന്റെ പീസ് ടിവിക്ക് 2.75 കോടി രൂപ പിഴ

ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗം നടത്തിയതിന് മതപ്രഭാഷകന്‍ സാകിര്‍ നായികിന്റെ പീസ് ടി.വിക്കും പീസ് ടി.വി ഉറുദുവിനും ബ്രിട്ടനില്‍ മൂന്ന് ലക്ഷം പൗണ്ട്(ഏകദേശം 2.75 കോടിരൂപ) പിഴ. ബ്രിട്ടീഷ് മാധ്യമ നിരീക്ഷക സമിതിയായ ഓഫ്കോമാണ് പിഴ ചുമത്തിയിരിക്കുന്നത്.

വിദ്വേഷ പ്രസംഗം നടത്തുകയും പ്രഭാഷണങ്ങളിലൂടെ അക്രമത്തിന് പ്രേരിപ്പിക്കുകയും ചെയ്തുവെന്ന കുറ്റം ആരോപിച്ചാണ് പീസ് ടി.വിക്കെതിര പിഴ ചുമത്തിയത്. ലോഡ് പ്രൊഡക്ഷന്‍സ് ലിമിറ്റഡിന് കീഴിലുള്ള പീസ് ടി.വിക്ക് ഒരു ലക്ഷം പൗണ്ടും പീസ് ടിവി ഉറുദുവിന് രണ്ട് ലക്ഷം പൗണ്ടുമാണ് വിധിച്ചിരിക്കുന്നത്.

സാകിര്‍ നായികിന്റെ ഉടമസ്ഥതയിലുള്ള യൂനിവേഴ്സല്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷന്‍ എന്ന കമ്പനിക്ക് കീഴിലുള്ളതാണ് ഈ രണ്ട് ചാനലുകളും. ചാനലിലൂടെ സംപ്രേഷണം ചെയ്തത് അത്യന്തം വിദ്വേഷം പരത്തുന്ന പരിപാടികളാണെന്ന് ഓഫ്കോം ആരോപിക്കുന്നു.

ഒരുവേള അക്രമത്തിന് പ്രേരിപ്പിക്കുന്ന രീതിയിലുള്ള പരിപാടികളും ഈ ചാനലുകളില്‍ സംപ്രേക്ഷണം ചെയ്തുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞുവെന്നാണ് ബ്രിട്ടീഷ് വാര്‍ത്താവിനിമയ രംഗത്തെ നിരീക്ഷണ സമിതിയായ ഓഫ്കോം പറയുന്നത്.

വിദ്വേഷ പ്രചാരണം നടത്തിയതിന്റെ പേരില്‍ ചാനലിന് ഇതിന് മുമ്പും പിഴ ചുമത്തിയിരുന്നു. 2019 ജൂലൈയില്‍ സംപ്രേക്ഷണം ചെയ്ത കിതാപ് ഉത് തൗഹീദ് എന്ന പരിപാടിയെക്കുറിച്ചും ഓഫ്കോം റിപ്പോര്‍ട്ടില്‍ പറയുന്നു. 2019 നവംബറില്‍ തന്നെ പീസ് ടിവി ഉര്‍ദുവിന്റെ ലൈസന്‍സ് ഓഫ്കോം റദ്ദാക്കിയിരുന്നു. വിദ്വേഷ പ്രചാരണത്തിന് 2016ല്‍ പീസ് ടിവി ഉര്‍ദുവിന്റെ ഉടമസ്ഥരായ ക്ലബ് ടി.വിക്ക് 65000 പൗണ്ട പിഴയിടുകയും ചെയ്തിരുന്നു.

Exit mobile version