എംഫന്‍ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു; പന്ത്രണ്ട് ജില്ലകളില്‍നിന്നായി ഏഴ് ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിക്കാനൊരുങ്ങി ഒഡീഷ

ഭുവനേശ്വര്‍: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറി. എംഫന്‍ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് അടുത്ത 48 മണിക്കൂറിനുള്ളില്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. ഇതേതുടര്‍ന്ന് പന്ത്രണ്ട് ജില്ലകളില്‍ നിന്നായി ഏഴ് ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിക്കാനൊരുങ്ങിയിരിക്കുകയാണ് ഒഡീഷ സര്‍ക്കാര്‍. ഒഡീഷയിലെ 12 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 18-20 തീയതികളോടെ ഒഡീഷയുടെ വടക്കന്‍ മേഖലയിലേയ്ക്കും തുടര്‍ന്ന് പശ്ചിമബംഗാളിലേയ്ക്കും നീങ്ങുന്ന ചുഴലിക്കാറ്റില്‍ ഒഡീഷയിലെ തീരദേശ മേഖലകളിലാണ് ഏറെ നാശംവിതയ്ക്കുക എന്നാണ് കണക്കുകൂട്ടുന്നത്.

ചീഫ് സെക്രട്ടറി അസിത് ത്രിപാഠിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് ജില്ലകള്‍ക്ക് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആവശ്യമായി വരികയാണെങ്കില്‍ വിവിധ ജില്ലകളിലെ ഏഴ് ലക്ഷത്തോളം ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റുന്നതിന് തയ്യാറായിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി കഴിഞ്ഞു. ചുഴലിക്കാറ്റിന്റെ സ്ഥിതിയും സഞ്ചാരഗതിയും സംബന്ധിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകള്‍ ലഭിക്കുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്നാണ് മുഖ്യമന്ത്രി നവീന്‍ പട്നായിക് അറിയിച്ചത്.

ചുഴലിക്കാറ്റ് വീശാനിടയുള്ള 12 ജില്ലകളില്‍ അപകടസാധ്യതയുളള മേഖലകളില്‍നിന്ന് ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊവിഡ് വൈറസിന്റെ സാഹചര്യംകൂടി പരിഗണിച്ച് സാമൂഹ്യ അകലം പാലിച്ചുകൊണ്ട് ജനങ്ങളെ പാര്‍പ്പിക്കാന്‍ ആവശ്യമായ കെട്ടിടങ്ങള്‍ കണ്ടെത്താന്‍ കളക്ടര്‍മാരോട് നിര്‍ദേശിച്ചതായി സ്പെഷല്‍ റിലീഫ് കമ്മീഷണര്‍ പികെ ജെന പറഞ്ഞു. സംസ്ഥാന ദുരന്തനിവാരണ സേനയും 20 സംഘങ്ങളെയും ദേശീയ ദുരന്ത പ്രതികരണ സേനയുടെ 17 സംഘങ്ങളെയും 335 യൂണിറ്റ് അഗ്‌നിശമന സേനാ വിഭാഗങ്ങളെയും തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ശക്തിപ്രാപിക്കുന്ന ചുഴലിക്കാറ്റ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആന്ധ്ര പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളുടെ തീരപ്രദേശങ്ങളില്‍ വീശാനിടയുണ്ടെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Exit mobile version