കേന്ദ്രം നല്‍കിയ പരിപ്പില്‍ പൂപ്പലും പക്ഷി കാഷ്ഠവും; 45 മെട്രിക് ടണ്‍ പരിപ്പ് തിരിച്ചയച്ച് പഞ്ചാബ് സര്‍ക്കാര്‍

ചണ്ഡീഗഡ്: കേന്ദ്രം നല്‍കിയ പരിപ്പ് ഭക്ഷ്യയോഗ്യമല്ലെന്ന് ആരോപിച്ച് പഞ്ചാബ് സര്‍ക്കാര്‍ തിരിച്ചയച്ചു. പരിപ്പ് പൂപ്പലും പക്ഷി കാഷ്ഠവും നിറഞ്ഞതും ദുര്‍ഗന്ധം വമിക്കുന്നതുമാണ്. അതിനാലാണ് പരിപ്പ് തിരിച്ചയച്ചത് എന്നാണ് പഞ്ചാബ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. കേന്ദ്രം നല്‍കിയ 45 മെട്രിക് ടണ്‍ പരിപ്പാണ് പഞ്ചാബ് സര്‍ക്കാര്‍ തിരിച്ചയച്ചത്.

ധാന്യം മൊഹാലി ജില്ലയില്‍ ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തിരുന്നു. ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയതോടെ ധാന്യം വാങ്ങിയവരില്‍ നിന്ന് തിരിച്ചുവാങ്ങി. പരിശോധിക്കാതെ ധാന്യം സ്വീകരിച്ചതിന് ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പഞ്ചാബ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.

സംസ്ഥാനത്തിന് 10,800 മെട്രിക് ടണ്‍ പരിപ്പാണ് കേന്ദ്രം അനുവദിച്ചത്. മൊഹാലിയിലെ കിരണ്‍ദീപ് കൗര്‍ എന്ന യുവതിയാണ് ധാന്യത്തിനെതിരെ ആദ്യം രംഗത്തെത്തിയത്. സര്‍ക്കാര്‍ നല്‍കിയ പരിപ്പ് കാലികള്‍ക്ക് പോലും പറ്റില്ലെന്ന് ഇവര്‍ ജില്ലാ ഭരണകൂടത്തിന് പരാതി നല്‍കി. തുടര്‍ന്ന് അധികൃതര്‍ പരിശോധനക്കെത്തി. തുടര്‍ന്ന് ധാന്യം വാങ്ങിയവരില്‍ നിന്ന് തിരിച്ചുവാങ്ങി കേന്ദ്രത്തിന് തിരിച്ചയക്കുകയായിരുന്നു.

Exit mobile version