കൊവിഡ് 19; ഗുജറാത്തിലും തമിഴ്നാട്ടിലും വൈറസ് ബാധിതരുടെ എണ്ണം 9000 കടന്നു

ചെന്നൈ: ഗുജറാത്തിലും തമിഴ്നാട്ടിലും കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം 9000 കടന്നു. തമിഴ്‌നാട്ടില്‍ ഇതുവരെ 9943 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതുവരെ 72 പേരാണ് ഇവിടെ വൈറസ് ബാധമൂലം മരിച്ചത്. ഗുജറാത്തില്‍ 9629 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 590 പേരാണ് ഇവിടെ വൈറസ് ബാധമൂലം മരിച്ചത്.

ഗുജറാത്തില്‍ അഹമ്മദാബാദില്‍ മാത്രം 6645 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 446 പേരാണ് ഇവിടെ മരിച്ചത്. തമിഴ്‌നാട്ടില്‍ 9943 വൈറസ് ബാധിതരില്‍ 5000ത്തിലധികം പേരും ചെന്നൈയിലാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. ഇവിടെ വൈറസ് ബാധിതരുടെ എണ്ണം 25000 കവിഞ്ഞിരിക്കുകയാണ്. 1028 പേരാണ് ഇവിടെ വൈറസ് ബാധമൂലം മരിച്ചത്.

അതേസമയം രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 78000 കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3722 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 78,003 ആയി. 134 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 2549 ആയി ഉയര്‍ന്നു.

Exit mobile version