രജിസ്റ്റര്‍ ചെയ്ത പേരും ആധാറിലെ പേരും തമ്മില്‍ വ്യത്യാസം; പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍നിധിയില്‍ നാലാം ഗഡു ലഭിക്കാത്തവര്‍ 40,000ത്തോളം പേര്‍

കോട്ടയം: രജിസ്റ്റര്‍ ചെയ്ത പേരും ആധാറിലെ പേരും തമ്മില്‍ വ്യത്യാസമുള്ളതിനാല്‍ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍നിധിയില്‍ രജിസ്റ്റര്‍ചെയ്തവരില്‍ സംസ്ഥാനത്ത് നാലാം ഗഡു തുക ലഭിക്കാത്തവര്‍ 40,000ത്തോളം പേര്‍. പേരുകള്‍ തമ്മില്‍ നേരിയ വ്യത്യാസമുണ്ടായാല്‍ പോലും തുക ലഭിക്കില്ല.

രജിസ്റ്റര്‍ചെയ്ത പേരും ആധാറിലെ പേരും തമ്മിലുള്ള വ്യത്യാസം ഇതുവരെ പരിഗണിക്കപ്പെട്ടിരുന്നില്ല. അതിനാല്‍ മൂന്നുഗഡു (ആറായിരം രൂപ) എല്ലാവര്‍ക്കും ലഭിച്ചു. എന്നാല്‍ ആധാറിലേതിനു സമാനമായി അപേക്ഷയിലെ പേരുമാറ്റി രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ഇനി ഗഡുക്കള്‍ ലഭിക്കില്ല.

ആധാറില്‍ ഇംഗ്ലീഷ് വലിയ അക്ഷരത്തിലോ ചെറിയ അക്ഷരത്തിലോ എങ്ങനെയാണുള്ളതെങ്കില്‍ അതേപോലെ വെ
വെബ്‌സൈറ്റില്‍ തിരുത്തണം. വീട്ടുപേരിലോ വിലാസത്തിലോ ഉള്ള വ്യത്യാസങ്ങള്‍ പ്രശ്‌നമല്ല. ദേശീയതലത്തില്‍ ഭൂരിഭാഗം സംസ്ഥാനങ്ങളിലും അഞ്ച് ഗഡുവിതരണം പൂര്‍ത്തിയായി.

കേരളത്തിലും ആധാറിലെ പേരില്‍ വ്യത്യാസമില്ലാത്തവരുടെ അക്കൗണ്ടുകളില്‍ അഞ്ചുഗഡു കിട്ടി. പേരില്‍ തെറ്റുകളുണ്ടെങ്കില്‍ അക്ഷയ കേന്ദ്രത്തിലെത്തി തിരുത്താം. സ്മാര്‍ട്‌ഫോണ്‍ ഉപയോഗിച്ച് സ്വന്തംനിലയ്ക്കും തിരുത്താനുള്ള അവസരവുമുണ്ട്.

ചെയ്യേണ്ടത്

* സൈറ്റ് തുറന്നാല്‍ ഫാര്‍മര്‍ കോര്‍ണറില്‍ ക്ലിക്ക് ചെയ്യുക
* ആധാര്‍ തിരുത്തലിന് എഡിറ്റ് ഒപ്ഷനില്‍ ക്ലിക്ക് ചെയ്യുക
* ആധാര്‍ നമ്പര്‍ കൊടുക്കുക, വലതുവശത്ത് തിരച്ചില്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുക
* ആധാറിലെയും രജിസ്‌ട്രേഷനിലെയും പേര് ഒന്നാണെങ്കില്‍ തിരുത്തല്‍ വേണ്ട എന്ന് തെളിയും
* ഒരുപോലല്ലെങ്കില്‍ തിരുത്തല്‍ തിരഞ്ഞെടുത്ത് ആധാറിലേതുപോലെത്തന്നെ പേര് രേഖപ്പെടുത്തുക
* ചെറിയ അക്ഷരത്തിലോ വലിയ അക്ഷരത്തിലോ എങ്ങനെയാണ് ആധാറില്‍ പേരെങ്കില്‍ അതേപോലെ ചെയ്യണം
* മൊബൈല്‍ നമ്പറും ടൈപ്പ് ചെയ്യണം
* അപ്‌ഡേറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക
* തുടര്‍ന്ന് ഒ.കെ. ബട്ടണ്‍ നല്‍കുക

Exit mobile version