വിലക്കുകള്‍ കാറ്റില്‍പറത്തി; ജൈന സന്യാസിയെ വരവേല്‍ക്കാന്‍ ഒത്തു കൂടിയത് വന്‍ ജനക്കൂട്ടം; മധ്യപ്രദേശില്‍ നിന്നും ഞെട്ടിക്കുന്ന കാഴ്ച

ഭോപ്പാല്‍: കൊറോണ വൈറസ് എന്ന മഹാമാരി രാജ്യത്ത് വന്‍ നാശമാണ് വിതച്ചുകൊണ്ടിരിക്കുന്നത്. രോഗബാധിതര്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നായ മധ്യപ്രദേശില്‍ നിന്നുള്ള കാഴ്ചയാണ് ഇപ്പോള്‍ ഞെട്ടിക്കുന്നത്. വൈറസ് ബാധയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം കാറ്റില്‍പറത്തി ഒരു ജൈന സന്യാസിയെ വരവേല്‍ക്കാന്‍ വന്‍ജനക്കൂട്ടമാണ് ഇരച്ചെത്തിയത്.

ചൊവ്വാഴ്ച സാഗര്‍ ജില്ലയിലാണ് സാമൂഹിക അകലം സംബന്ധിച്ച പ്രോട്ടോക്കോളുകളെല്ലാം ലംഘിച്ച് ജനം ഒത്ത് കൂടിയത്. മധ്യപ്രദേശില്‍ ഇതുവരെ നാലായിരത്തോളം പേര്‍ക്ക് കൊറോണ വൈറസ് ബാധിക്കുകയും 225 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നതും. എന്നാല്‍ ഇവയെല്ലാം പാടെ അവഗണിച്ച് ജനം ഒത്തുകൂടുകയായിരുന്നു.

സാഗര്‍ ജില്ലയിലെ ബാന്ദ പട്ടണത്തിലാണ് പ്രമന്‍സഗര്‍ എന്ന സന്ന്യാസിക്കും അദ്ദേഹത്തിന്റെ പരിവാരങ്ങള്‍ക്കും ആയിരക്കണക്കിന് ആളുകളെത്തി സ്വീകരണം നല്‍കിയത്. സംഘാടകര്‍ക്കെതിരെ അന്വേഷിച്ച് നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സാഗര്‍ അഡീഷണല്‍ എസ്പി പ്രവീണ്‍ ഭൂരിയ പറഞ്ഞു.

Exit mobile version