ഓടിക്കൊണ്ടിരുന്ന കാറുകള്‍ക്ക് മുകളില്‍ കയറി അഭ്യാസം; ഡ്യൂട്ടിക്കിടെ നടത്തിയ സബ് ഇന്‍സ്‌പെക്ടറുടെ ഡാന്‍സ് സോഷ്യല്‍മീഡിയയില്‍ വൈറല്‍, പിന്നാലെ പിഴ ചുമത്തി

ഭോപ്പാല്‍: ഓടിക്കൊണ്ടിരുന്ന കാറുകള്‍ക്ക് മുകളില്‍ കയറി അഭ്യാസ പ്രകടനം നടത്തിയ സബ് ഇന്‍സ്‌പെക്ടര്‍ക്ക് പിഴ ചുമത്തി. ബോളിവുഡ് താരം അജയ് ദേവ്ഗണ്‍ നായകനായ സിംഗം എന്ന സിനിമയിലെ രംഗത്തെ അനുകരിച്ചാണ ഓടിക്കൊണ്ടിരിക്കുന്ന കാറുകള്‍ക്ക് മുകളില്‍ കയറി അഭ്യാസ പ്രകടനം നടത്തിത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

വീഡിയോ വൈറലായതിനു പിന്നാലെ ഇയാള്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിടുകയും 5000 രൂപ പിഴ ചുമത്തുകയും ചെയ്തു. മധ്യപ്രദേശിലെ ദാമോഹ് ജില്ലയിലെ നരസിംഗര്‍ സ്റ്റേഷന്‍ ഇന്‍ചാര്‍ജായ മനോജ് യാദവാണ് ഓടിക്കൊണ്ടിരിക്കുന്ന രണ്ട് കാറുകള്‍ക്ക് മുകളിലായി കയറി നിന്ന് അഭ്യാസം കാണിച്ചത്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ കടുത്ത അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നും ഉന്നത ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

ഓടിക്കൊണ്ടിരിക്കുന്ന ഇരുകാറുകള്‍ക്കും മുകളിലായി നിന്ന് പോക്കറ്റില്‍ നിന്ന് കൂളിങ് ഗ്ലാസ് എടുത്ത് വെക്കുകയും കൈ വീശി കാണിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. പോലീസുകാര്‍ തന്നെ ഇത്തരത്തില്‍ അപകടകരമായ കാര്യങ്ങള്‍ ചെയ്യുന്നത് യുവാക്കളെ സ്വാധീനിക്കുകയും അവര്‍ അത് അനുകരിക്കുകയും ചെയ്യുന്നതിലൂടെ പല അപകടങ്ങളും സംഭവിക്കുമെന്നും ഒരു തരത്തിലും ഇത്തരം നടപടികള്‍ അംഗീകരിക്കാനാവില്ലെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനും ഇന്‍സ്പെക്ടര്‍ ജനറലുമായ അനില്‍ ശര്‍മ പ്രതികരിച്ചു. വിഷയത്തില്‍ അന്വേഷണം നടത്താന്‍ പോലീസ് സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്നാണ് ഇയാളില്‍ നിന്നും 5000 രൂപ പിഴയായി ഈടാക്കിയത്.

Exit mobile version