കൊവിഡ് 19; മഹാരാഷ്ട്രയില്‍ 714 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ 714 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. 648 പേരാണ് ചികിത്സയിലുള്ളത്. 61 പേര്‍ രോഗമുക്തരായി. അഞ്ച് പോലീസുകാരാണ് ഇവിടെ വൈറസ് ബാധമൂലം മരിച്ചത്. അതേസമയം മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. ഇന്നലെ മാത്രം 1089 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 19,000 കവിഞ്ഞു.

വൈറസ് ബാധമൂലം ഇതുവരെ എഴുന്നൂറിലധികം പേരാണ് മരിച്ചത്. മുംബൈയില്‍ മാത്രം വൈറസ് ബാധിതരുടെ എണ്ണം 11967 ആയി. മരണസംഖ്യ 462 ആയി ഉയര്‍ന്നു. ധാരാവിയില്‍ അഞ്ച് പേരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ ഇവിടെ മരിച്ചവരുടെ എണ്ണം 26 ആയി ഉയര്‍ന്നു.

രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം അറുപതിനായിരത്തിന് അടുത്തിരിക്കുകയാണ്. 1981 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. രാജ്യത്ത് മുംബൈ, ഡല്‍ഹി, അഹമ്മദാബാദ്, പുണെ, താനെ, ഇന്ദോര്‍, ചെന്നൈ, ജയ്പുര്‍ നഗരങ്ങളിലാണ് കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Exit mobile version