കാറിന് യാത്രാനുമതി നിഷേധിച്ചു; 17 ദിവസം പ്രായമായ കുഞ്ഞുമായി 500 കിലോമീറ്റര്‍ നടന്ന് യുവതി

മുംബൈ: കാറിന് യാത്രാനുമതി നിഷേധിച്ചതോടെ 17 ദിവസം പ്രായമായ കൈക്കുഞ്ഞുമായി നാട്ടിലേക്ക് നടന്ന് യുവതി. മുംബൈയില്‍ നിന്നും 500 കിലോമീറ്റര്‍ ദൂരമുള്ള വിധര്‍ഭയിലെ വാഷിം എന്ന സ്ഥലത്തേക്കാണ് യുവതി കുഞ്ഞുമായി ദിവസങ്ങളെടുത്ത് നടന്നുപോകുന്നത്. വാടകക്ക് കാര്‍ വിളിക്കാനുള്ള അനുമതി നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് യുവതി നടന്നുപോകാന്‍ തീരുമാനിച്ചത്.

കോവിഡ് രോഗം മഹാരാഷ്ട്രയില്‍ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് യുവതി കുഞ്ഞിന് ജന്മം നല്‍കുന്നത്. ഇരുവര്‍ക്കും കോവിഡ് നെഗറ്റീവ് ആയതിനെത്തുടര്‍ന്ന് ഇവര്‍ ആശുപത്രി വിടുകയായിരുന്നു. യുവതിയുടെ കൂടെ ആരും തന്നെയുണ്ടായിരുന്നില്ല. നാട്ടിലേക്ക് മടങ്ങാന്‍ ഒരു കാര്‍ വിളിക്കണമെന്ന് പോലീസിനോട് പറഞ്ഞെങ്കിലും അനുമതി നിഷേധിക്കുകയായിരുന്നു.

മതിയായ കാരണങ്ങളോട് കൂടി പോലീസില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ മാത്രമേ യാത്രാനുമതി നല്‍കുകയുള്ളു എന്നാണ പോലീസ് വിശദീകരണം. അതേസമയം, ദിവസങ്ങളായി ഭക്ഷണം പോലുമില്ലാതെ നടക്കുന്നതിനിടെ അവശനിലയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Exit mobile version