കൊവിഡ് 19ന് മരുന്നായി ഗംഗാ ജലം; ഗവേഷണം നടത്തണമെന്ന് കേന്ദ്ര സർക്കാർ; സമയം പാഴാക്കാനില്ലെന്ന് ഐസിഎംആർ

ന്യൂഡൽഹി: കൊവിഡ് 19ന് മരുന്നായി ഗംഗാനദിയിലെ ജലം ഉപയോഗിക്കുന്നതിനെ കുറിച്ച് ഗവേഷണം നടത്താൻ ആവശ്യപ്പെട്ട കേന്ദ്രസർക്കാരിന്റെ അഭ്യർത്ഥന നിരാകരിച്ച് ഐസിഎംആർ (ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്). ”കൊവിഡ് 19 പ്രതിരോധത്തിനാണ് ഇപ്പോൾ തങ്ങളുടെ ശ്രദ്ധ മുഴുവൻ. മറ്റ് വിഷയങ്ങളിൽ സമയം പാഴാക്കാൻ ആഗ്രഹമില്ല”-എന്നാണ് ഐസിഎംആർ മറുപടി നൽകിയതെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ‘ദി പ്രിന്റ്’ റിപ്പോർട്ട് ചെയ്യുന്നു.

‘അതുല്യ ഗംഗ’ എന്ന സന്നദ്ധ സംഘടനയാണ് ഗംഗാജലത്തിന്റെ കഴിവ് സംബന്ധിച്ച അവകാശവാദവുമായി രംഗത്തുവന്നത്. കൂടുതൽ ഗവേഷണം ആവശ്യപ്പെട്ട് ഏപ്രിൽ മൂന്നിന് ഇവർ കേന്ദ്ര ജല മന്ത്രാലയത്തെയും പ്രധാനമന്ത്രിയുടെ ഓഫീസിനെയും സമീപിക്കുകയായിരുന്നു. മന്ത്രാലയം ഏപ്രിൽ 30നാണ് ഇക്കാര്യമുന്നയിച്ച് ഐസിഎംആറിന് കത്തെഴുതിയത്.

ഗംഗയിലെ വെള്ളത്തിൽ ഹാനികരമായ ബാക്ടീരിയകളെ കഴിക്കുന്ന ബാക്ടീരിയോഫേജ് എന്ന വൈറസ് ഉണ്ടെന്നായിരുന്നു അതുല്യ ഗംഗ അവകാശപ്പെട്ടത്. ഐഐടി റൂർക്കി, ഐഐടി കാൺപുർ, സിഎസ്‌ഐആർ, ഐഐടിആർ തുടങ്ങിയ സ്ഥാപനങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചതായും ഇവർ പറയുന്നു. ഏപ്രിൽ 24ന് ശാസ്ത്രജ്ഞരുമായി ഈ വിഷയം ചർച്ച ചെയ്തിരുന്നതായി ‘അതുല്യ ഗംഗ’ അംഗം കേണൽ മനോജ് കിശ്വർ പറഞ്ഞു. ഗംഗ ജലത്തിൽ അടങ്ങിയിരിക്കുന്ന, കൊവിഡിനെ നേരിടാൻ സഹായകമായ മൂലകങ്ങളെ തിരിച്ചറിയാൻ ഐസിഎംആറിനെ ചുമതലപ്പെടുത്തണമെന്ന് സിഎസ്‌ഐആർ ശാസ്ത്രജ്ഞരാണ് നിർദ്ദേശിച്ചതെന്നും കിശ്വർ പറഞ്ഞു.

അതേസമയം, ഇത്തരം ഗവേഷണങ്ങൾക്കായി ജൽ ശക്തി മന്ത്രാലയത്തിൽ നിന്ന് കത്ത് ലഭിച്ച കാര്യം ഐസിഎംആർ സ്ഥിരീകരിച്ചു. ഇതുസംബന്ധിച്ച് വിദഗ്ധർ യോഗം ചേർന്നുവെങ്കിലും ഏറ്റെടുക്കാൻ വിസമ്മതിക്കുകയായിരുന്നു. എൻജിഒ ഇടപെട്ട് ഏതെങ്കിലും ആശുപത്രിയിൽ ക്ലിനിക്കൽ ട്രയൽ നടത്തുന്നുണ്ടെങ്കിൽ സഹായം ഏർപ്പാടാക്കാമെന്ന് ഐസിഎംആർ അധികൃതർ പറഞ്ഞു.

ഗംഗയിലെ വെള്ളത്തിൽ കാണപ്പെടുന്ന വൈറസിന് കൊവിഡിനെ ഇല്ലാതാക്കാൻ കഴിയുമെന്ന വാദത്തിൽ യുക്തിയില്ലെന്നും കൊവിഡ് ചികിത്സയ്ക്കുള്ള പരീക്ഷണമായിട്ടാണ് ഇപ്പോഴും പ്ലാസ്മ തെറാപ്പിയെ പരിഗണിക്കുന്നതെന്നും ഇതോടൊപ്പം ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ഇപ്പോൾ, കോവിഡ് 19 രോഗികൾക്ക് ശരിയായ ചികിത്സ ഉറപ്പാക്കുന്നതാണ് മുഖ്യം. ഇതിന് വാക്‌സിൻ വികസിപ്പിക്കുന്നതിലാണ് ശാസ്ത്രജ്ഞർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരികേണ്ടേത്- ലഖ്‌നൗവിലെ സിഎസ്‌ഐആർനാഷണൽ ബൊട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ മുൻ ശാസ്ത്രജ്ഞൻ പ്രഫ. യുഎൻ റായ് വ്യക്തമാക്കി.

Exit mobile version