പ്രവാസികളുമായുള്ള ആദ്യ കപ്പല്‍ വെള്ളിയാഴ്ച മാലി ദ്വീപില്‍ നിന്ന് പുറപ്പെടും; ആദ്യഘട്ടത്തില്‍ എത്തുന്നത് ആയിരത്തോളം പ്രവാസികള്‍

കൊച്ചി: പ്രവാസികളുമായുള്ള ആദ്യ കപ്പല്‍ വെള്ളിയാഴ്ച മാലി ദ്വീപില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടും. ഐഎന്‍എസ് ജലാശ്വ ഐഎന്‍എസ് മഗര്‍ എന്നീ കപ്പലുകളിലാണ് വെള്ളിയാഴ്ച പുറപ്പെടുന്നത്. ആയിരത്തോളം പ്രവാസികളാണ് ഈ കപ്പലില്‍ ഉണ്ടാവുക.

ഇന്ത്യന്‍ നാവിക സേനയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഓപ്പറേഷന്‍ സമുദ്രസേതുവിന്റെ ഭാഗമായ ആദ്യ കപ്പലാണ് മാലി ദ്വീപില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടുക. ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, ടൂറിസ്റ്റ് വിസയില്‍ എത്തി കുടുങ്ങിയവര്‍, ജോലി നഷ്ടപ്പെട്ടവര്‍ എന്നിവരാണ് ആദ്യ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. വീടുകളില്‍ അടുത്ത ബന്ധുക്കളുടെ മരണം നടന്നവര്‍ക്കും പട്ടികയില്‍ മുന്‍ തൂക്കമുണ്ട്.

മാലി ദ്വീപിലെ ഇന്ത്യന്‍ ഹൈകമ്മീഷണറേറ്റ് വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നാണ് നാട്ടിലേക്ക് മടങ്ങാനുള്ളവരുടെ ആദ്യ പട്ടിക തയാറാക്കിയിരിക്കുന്നത്. മാലി ദ്വീപ് സര്‍ക്കാരിന്റെ അനുമതി ലഭിച്ച സാഹചര്യത്തില്‍ മറ്റ് പരിശോധന നടപടികളെല്ലാം പൂര്‍ത്തിയായി വെള്ളിയാഴ്ച ഉച്ചയോടെ മാലിദ്വീപില്‍ നിന്ന് പ്രവാസികളെയുമായുള്ള ആദ്യ കപ്പല്‍ പുറപ്പെടാനാകുമെന്നാണ് കണക്ക് കൂട്ടല്‍.

നാല്‍പത്തിയെട്ട് മണിക്കൂര്‍ ആണ് മാലിദ്വീപില്‍ നിന്ന് കപ്പല്‍ മാര്‍ഗ്ഗം കൊച്ചിയില്‍ എത്താന്‍ വേണ്ട സമയം. ഞായറാഴ്ച ഉച്ചയോടെ കൊച്ചി തുറമുഖത്ത് കപ്പല്‍ എത്തിച്ചേരുമെന്നാണ് കണക്ക് കൂട്ടല്‍. തുറമുഖം വഴിയെത്തുന്ന പ്രവാസികളുടെ പരിശോധനക്കും തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയാനും മികച്ച സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Exit mobile version