കൊവിഡ് 19; വൈറസ് ബാധമൂലം മുംബൈയില്‍ ഒരു മലയാളി കൂടി മരിച്ചു

മുംബൈ: കൊവിഡ് 19 വൈറസ് ബാധമൂലം മുംബൈയില്‍ ഒരു മലയാളി കൂടി മരിച്ചു. തൃശ്ശൂര്‍ സ്വദേശി മേഴ്‌സി ജോര്‍ജ് (69) ആണ് മരിച്ചത്. മുംബൈയില്‍ കൊവിഡ് വൈറസ് ബാധമൂലം മരിക്കുന്ന രണ്ടാമത്തെ മലയാളിയാണ് മേഴ്‌സി.

അതേസമയം രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. കഴിഞ്ഞ ദിവസം പുതുതായി 711 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണം 14541 ആയി ഉയര്‍ന്നു. മുംബൈയില്‍ മാത്രം 9000ത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 583 പേരാണ് സംസ്ഥാനത്ത് വൈറസ് ബാധമൂലം മരിച്ചത്.

അതേസമയം രാജ്യത്ത് വൈറസ് ബാധമൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 195 പേരാണ്. രാജ്യത്ത് കൊവിഡ് വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയ ശേഷം ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിതെന്നാണ് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പറഞ്ഞത്. ഇതോടെ രാജ്യത്ത് വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 1568 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 3900 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 46,433 ആയി.

Exit mobile version