കൊവിഡ് 19; ലോകാരോഗ്യ സംഘടനയുടെ മരുന്ന് പരീക്ഷണത്തില്‍ ഇന്ത്യയും ഭാഗമാകും; കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍

ന്യൂഡല്‍ഹി: കൊവിഡ് 19 വൈറസിനെതിരായി ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ നടക്കുന്ന മരുന്ന് പരീക്ഷണത്തില്‍ ഇന്ത്യയും ഭാഗമാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍. കൊവിഡ് 19 വൈറസിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കാവുന്ന മരുന്നുകളുടെ പരീക്ഷണ പദ്ധതിയായ ‘സോളിഡാരിറ്റി’യുടെ ഭാഗമായി റെംഡെസിവിര്‍ (Remdesivir) എന്ന മരുന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള രോഗികളില്‍ പരീക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

റെംഡെസിവിറിന്റെ ആയിരം ഡോസ് രാജ്യത്തിന് ലഭ്യമായിട്ടുണ്ടെന്നും ഇത് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുള്ള കൊവിഡ് രോഗികളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇതു സംബന്ധിച്ച് സര്‍ക്കാരിന്റെ ഉന്നത തലങ്ങളില്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്. ഐസിഎംആര്‍, സിഎസ്ഐആര്‍ എന്നിവയിലെ ശാസ്ത്രജ്ഞരും വിഷയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊവിഡ് 19 വൈറസ് ബാധിതരില്‍ അത്യാവശ്യ ഘട്ടത്തില്‍ ഉപയോഗിക്കുന്നതിന് അമേരിക്കയില്‍ ഈ മരുന്ന് ഉപയോഗിക്കുന്നുണ്ട്. അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് നടത്തിയ പരീക്ഷണത്തില്‍ റെംഡെസിവിര്‍ മരുന്ന് ഗുണകരമാണെന്ന് കണ്ടെത്തിയിരുന്നു. 1,063 ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ നടത്തിയ പരീക്ഷണത്തില്‍ 31 ശതമാനം വേഗത്തിലുള്ള രോഗമുക്തി നല്‍കാന്‍ റെംഡെസിവിറിന് സാധിച്ചെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.

Exit mobile version