പൊതു-സ്വകാര്യ മേഖലകളില്‍ ജോലിചെയ്യുന്നവരെല്ലാം ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കൊവിഡ് 19 വൈറസിന്റെ പശ്ചാത്തലത്തില്‍ പൊതു-സ്വകാര്യ മേഖലകളില്‍ ജോലിചെയ്യുന്നവരെല്ലാം ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. ജീവനക്കാര്‍ ഈ ആപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതു സ്ഥാപനമേധാവിയുടെ ഉത്തരവാദിത്വമാണെന്നും സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ മാര്‍ഗരേഖയിലാണ് ഈ നിര്‍ദേശം.

മെയ് 4 മുതല്‍ ജീവനക്കാരുടെ മൊബൈലില്‍ ആരോഗ്യസേതു ആപ്പ് ഉണ്ടാവണമെന്നാണ് നിര്‍ദേശം. ഇതിലൂടെ 30 കോടി ഡൗണ്‍ലോഡുകളാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഈ ആപ്പ് ഉപയോഗത്തിന് ആളുകളെ പ്രേരിപ്പിച്ചിരുന്നു.

അതേസമയം ആരോഗ്യ സേതു മൊബൈല്‍ ആപ്ലിക്കേഷന്‍ സങ്കീര്‍ണമായ നിരീക്ഷണ സംവിധാനമാണെന്നും നല്‍കുന്ന വിവരങ്ങളുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. ഇതിനു പുറമെ ആവശ്യത്തിലധികം വിവരങ്ങള്‍ ഡേറ്റ ആവശ്യപ്പെടുന്നുണ്ടെന്നും മറ്റ് രാജ്യങ്ങളിലെ കോണ്‍ടാക്ട്-ട്രേസിംഗ് ആപ്പുകളുടെ നിലവാരം ഇതിനില്ലെന്നുമാണ് ഉയരുന്ന മറ്റൊരു ആക്ഷേപം. ജിപിഎസ് കേന്ദ്രീകരിച്ചുള്ള ലൊക്കേഷന്റെ ഡേറ്റ ഉപയോഗം ഏറെ അപകടകരമാണെന്ന ആരോപണം ഉയരുന്നുണ്ട്.

Exit mobile version