കൊവിഡ് 19; ബെംഗളൂരുവില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ 1000 രൂപ പിഴ

ബെംഗളൂരു: കൊവിഡ് 19 വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ ബെംഗളൂരുവില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഇനി മുതല്‍ 1000 രൂപ പിഴ ചുമത്തും. പൊതുസ്ഥലങ്ങളില്‍ തുപ്പുന്നതിനും മൂത്രമൊഴിക്കുന്നതിനും മാലിന്യം നിക്ഷേപിക്കുന്നതിനും ഈ പിഴ ബാധകമാണ്. വൈറസ് വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ബെംഗളൂരു ബിബിഎംപി ഇത്തരമൊരു നടപടി എടുത്തിരിക്കുന്നത്.

പൊതുസ്ഥലങ്ങളിലും അഞ്ച് പേരില്‍ കൂടുതല്‍ ആളുകള്‍ ഒത്തുചേരുന്ന തൊഴിലിടങ്ങളിലും മാസ്‌ക് നിര്‍ബന്ധമാണ്. നിയമം ലംഘിച്ചാല്‍ ആദ്യതവണ 1000 രൂപയും വീണ്ടും നിയമലംഘനം നടത്തിയാല്‍ 2000 രൂപ വീതവും പിഴ ചുമത്തുമെന്നാണ് ബിബിഎംപി കമ്മീഷണര്‍ ബിഎച്ച് അനില്‍ കുമാര്‍ വ്യക്തമാക്കിയത്. അപ്പാര്‍ട്ട്മെന്റ് കോംപ്ലക്സുകള്‍ക്കും ഈ നിയമം ബാധകമാണെന്നും അദ്ദേഹം അറിയിച്ചു.

Exit mobile version