നമ്മളെല്ലാം ഒന്നിച്ചുനില്‍ക്കേണ്ട സമയമാണിത്: കോവിഡ് പോരാളികള്‍ക്ക് ആവേശം പകര്‍ന്ന് നഴ്‌സ് യൂണിഫോമില്‍ മുംബൈ മേയര്‍

മുംബൈ: കോവിഡിനെതിരായ പോരാട്ടങ്ങള്‍ക്ക് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് നഴ്‌സിന്റെ വേഷത്തിലെത്തി മുംബൈ മേയര്‍ കിഷോരി പേഡ്‌നേകര്‍.
തിങ്കളാഴ്ച രാവിലെയാണ് ബിവൈഎല്‍ നായര്‍ ആശുപത്രിയില്‍ നഴ്‌സ് കൂടിയായ കിഷോരി എത്തിയത്. ആശുപത്രിയിലെത്തിയ മേയര്‍ ആരോഗ്യപ്രവര്‍ത്തകര്‍ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടോ എന്ന് ആരാഞ്ഞു. ആശുപത്രിയിലെ സ്ഥിതിഗതികളും വിലയിരുത്തി.

‘ഞാന്‍ ഒരു നഴ്‌സായിരുന്നു. ഈ ജോലിയിലെ പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് എനിക്കറിയാം. ഞാനും അവരില്‍ ഒരാളാണെന്ന് പറയാനാണ് ഞാന്‍ നഴ്‌സിന്റെ യൂണിഫോം ധരിച്ചത്. ഇത് ദുരിതകാലമാണ്. നമ്മളെല്ലാം ഒന്നിച്ചുനില്‍ക്കേണ്ട സമയമാണ്’. കോവിഡിനെതിരെ പോരാടുന്നവര്‍ക്ക് പിന്തുണ അറിയിക്കാന്‍ കൂടിയാണ് താന്‍ ആശുപത്രിയിലെത്തിയതെന്ന് അവര്‍ പറഞ്ഞു.

രണ്ടാഴ്ച മുന്‍പ് മേയറുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന ഒരു മാധ്യമപ്രവര്‍ത്തകന് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ മേയര്‍ സ്വയം നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നു. നിരീക്ഷണകാലാവധി പൂര്‍ത്തിയായതിനുശേഷം മുംബൈയിലെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സജീവസന്നിധ്യമായി മേയറും ഉണ്ടായിരുന്നു.

Exit mobile version