തന്നെ ബലാത്സംഗം ചെയ്തുവെന്ന് യുവതിയുടെ പരാതി; പോലീസ് ഉദ്യോഗസ്ഥന്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍

സബ് ഇന്‍സ്പെക്ടറായ സജന്‍ സനാപ് എന്നയാളുടെ മൃതദേഹമാണ് മുംബൈയിലെ ശിവാജിനഗറിലെ സംഘം പാലത്തിന് സമീപത്തെ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്.

മുംബൈ: ബലാത്സംഗക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. സബ് ഇന്‍സ്പെക്ടറായ സജന്‍ സനാപ് എന്നയാളുടെ മൃതദേഹമാണ് മുംബൈയിലെ ശിവാജിനഗറിലെ സംഘം പാലത്തിന് സമീപത്തെ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്.

ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ മുംബൈ അംബോളി സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ സജന്‍ തന്നെ ബലാത്സംഗം ചെയ്തതായി കാണിച്ച് പരാതി നല്‍കിയിരുന്നു. ഇതിന് ശേഷമാണ് മുംബൈയില്‍ നിന്ന് സജന്റെ മൃതദേഹം കണ്ടെത്തിയത്. റെയില്‍വേ ട്രാക്കിന് സമീപമുള്ള രാജീവ് ഗാന്ധി ചേരിയില്‍ താമസിക്കുന്നവര്‍ സജന്‍ റെയില്‍വേ ട്രാക്കിലൂടെ നടക്കുന്നതായി കണ്ടെന്ന് മൊഴി നല്‍കിയിട്ടുണ്ട്. ട്രാക്കില്‍ രാത്രി ഒമ്പതരയോടെയാണ് ഇവര്‍ സജനെ കണ്ടത്. ട്രെയിന്‍ വരുന്നുണ്ടെന്ന മുന്നറിയിപ്പ് സജന് ഇവര്‍ നല്‍കിയിരുന്നു എന്ന്് സമീപവാസികള്‍ പോലീസിന് മൊഴി നല്‍കി.

പ്രാഥമിക അന്വേഷണത്തിന് ശേഷം അപകടമരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതായി റെയില്‍വേ പോലീസ് അറിയിച്ചു. എന്നാല്‍ സജന്‍ എന്തിന് മുംബൈയില്‍ വന്നുവെന്നുള്ളത് പോലീസിനെ കുഴയ്ക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് മുപ്പത്തിയാറുകാരിയായ യുവതി സജന്‍ തന്നെ ബലാത്സഗം ചെയ്തതായി കാണിച്ച് പരാതി നല്‍കിയതെന്ന് നാഷിക് ഡിസിപി ശ്രീകൃഷ്ണ കോക്കട്ട് പറഞ്ഞു. തന്റെ പേരില്‍ കേസ് ഫയല്‍ ചെയ്യുന്നതായി അറിഞ്ഞതോടെ പോലീസ് സ്റ്റേഷനില്‍ നിന്ന് സജന്‍ ഇറങ്ങി നടക്കുകയായിരുന്നു.

ഇതിന് ശേഷം ഇയാളെ ആരും കണ്ടിട്ടില്ല. ഇതോടെ കേസ് അന്വേഷണത്തിന് എസിപി എംബി റൗട്ടിനെ ചുമതലപ്പെടുത്തുകയും ചെയ്തു. തന്നെ പല തവണ സജന്‍ ലൈംഗികമായി ദുരുപയോഗം ചെയ്തതായി യുവതിയുടെ പരാതിയില്‍ പറയുന്നു. ആദ്യം സ്വകാര്യ ചിത്രങ്ങളുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയും പിന്നീട് മദ്യപിച്ചു വന്നുമായിരുന്നു ബലാത്സംഗം എന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.

Exit mobile version