ലോക്ക്ഡൗണിനിടെ ദുരിതത്തിലായവർക്ക് ഒരു കൈത്താങ്ങ്; 1.30 കോടി രൂപ ജനങ്ങൾക്ക് നൽകി വിജയ് ദേവരകൊണ്ട

ഹൈദരാബാദ്:ലോക്ക് ഡൗൺ കാലത്ത് തൊഴിൽ നഷ്ടമായി വീട്ടിലിരിക്കുന്ന സാധാരണക്കാർക്ക് കൈത്താങ്ങുമായി സിനിമാ മേഖലയിലെ സൂപ്പർ താരങ്ങൾ രംഗത്തെത്തുകയാണ്. 1.30 കോടി സാധാരണക്കാരായ ജനങ്ങൾക്കും വിദ്യാർത്ഥികൾക്കുമായി നീക്കിവെച്ചാണ് ടോളിവുഡ് താരം വിജയ് ദേവരകൊണ്ട രംഗത്തെത്തിയിരിക്കുന്നത്.

വിജയ് ദേവരകൊണ്ടയുടെ നേതൃത്വത്തിൽ മിഡ്ഡിൽ ക്ലാസ് ഫണ്ട് എന്ന പേരിൽ ഒരു സംവിധാനം രൂപീകരിക്കുകയും അതിലേക്ക് തന്റെ ഫൗണ്ടേഷനായ ദേവരക്കൊണ്ട ഫൗണ്ടേഷൻ വഴി 1.30 കോടി രൂപ നൽകുമെന്നുമാണ് വിജയ് ദേവരക്കൊണ്ട പ്രഖ്യാപിച്ചത്. ലോക്ഡൗണിനിടെ ദുരിതത്തിലകപ്പെട്ട നിരവധി ഇടത്തരം കുടുംബങ്ങളുണ്ടെന്നും അവർക്ക് അവശ്യ സാധനങ്ങൾ നൽകുന്നതിന് ഉപയോഗിക്കുമെന്നും ഫൗണ്ടേഷൻ പറഞ്ഞു. ഫൗണ്ടേഷന്റെ ക്ഷേമ പ്രവർത്തനങ്ങൾ ആന്ധ്രപ്രദേശിലും തെലങ്കാനയിലും നടക്കുകയാണ്

കൊവിഡ് മഹാമാരിയിൽ മനുഷ്യർ ബുദ്ധിമുട്ടുന്നതിനിടെ സഹായം നൽകുന്നതിൽ മൗനം പുലർത്തിയ നടൻ വിജയ് ദേവരകൊണ്ടയുടെ നടപടിക്കെതിരെ വലിയ വിമർശനമാണ് ഉയർന്നത്. ഇതിനുപിന്നാലെയാണ് ഞായറാഴ്ച രാവിലെ വലിയ പ്രഖ്യാപനവുമായി വിജയ് ദേവരകൊണ്ട രംഗത്തെത്തിയത്.

നേരത്തെ കേരളത്തിന് 10 ലക്ഷം രൂപയടക്കം ആകെ 1 കോടി 30 ലക്ഷം രൂപയുടെ സഹായവുമായി തമിഴ്‌നടൻ വിജയ് രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം, തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം, കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം, തമിഴ് സിനിമാ സംഘടനയായ ഫെഫ്‌സിയിലേക്ക് 25 ലക്ഷം എന്നിങ്ങനെയാണ് വിജയ് നൽകിയിരുന്നത്.

Exit mobile version