കൊവിഡ്; കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് സ്ഥിരീകരിച്ചത് രണ്ടായിരത്തോളം പുതിയ കേസുകള്‍; രാജ്യത്തിന്റെ സ്ഥിതി ഗുരുതരമാകുന്നു

ന്യൂഡല്‍ഹി; രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രണ്ടായിരത്തോളം പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി പ്രതിദിനം 500-നും 600 നും ഇടയിലാണ് പുതിയ കേസുകള്‍ കണ്ടെത്താറുള്ളത്. എന്നാല്‍ ഒറ്റ ദിവസം കൊണ്ട് കൊവിഡ് കേസുകളുടെ എണ്ണം രണ്ടായിരത്തോളമെത്തുന്നത് ആശങ്ക ഉയര്‍ത്തുന്നതാണ്.

കഴിഞ്ഞ 24 മണിക്കൂറിനകം 1990 പുതിയ കേസുകളാണ് കണ്ടെത്തിയത്. 49 മരണവും സ്ഥിരീകരിച്ചു. രാജ്യത്തെ 27 ജില്ലകളിലാണ് രോഗബാധ കൂടുതലുള്ളത്. മൊത്തം രോഗികളുടെ 68.2 ശതമാനം ഇവിടെ നിന്നാണ്. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 26000 കടന്നു. മരണം 824 ആയി.

അതെസമയം കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ മെയ് 16 വരെ നീട്ടണമെന്ന ആവശ്യവുമായി വിവിധ സംസ്ഥാനങ്ങള്‍ രംഗത്ത് വന്നു. ആറ് സംസ്ഥാനങ്ങളാണ് ഈ ആവശ്യവുമായി രംഗത്തുവന്നത്. മഹാരാഷ്ട്ര, ഡല്‍ഹി, മധ്യപ്രദേശ്, ഒഡീഷ, പശ്ചിമബംഗാള്‍, രാജസ്ഥാന്‍ സംസ്ഥാനങ്ങളാണ് ലോക്ക്ഡൗണ്‍ വീണ്ടും നീട്ടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്.

Exit mobile version