ജന്മദിനത്തില്‍ ‘ഡ്യൂട്ടി ഡോക്ടറായി’ എത്തി ഗോവ മുഖ്യമന്ത്രി, ഇപ്പോള്‍ ഡോക്ടര്‍മാര്‍ എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ എല്ലാവര്‍ക്കും അഭിമാനമാണെന്ന് പ്രമോദ് സാവന്ത്

പനജി: മുഖ്യമന്ത്രിയായി വിജയിച്ചുകയറിയ ശേഷം അഴിച്ചുവെച്ച ഡോക്ടര്‍കുപ്പായം വീണ്ടും എടുത്തണിഞ്ഞ് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. മുഖ്യമന്ത്രിയെ ഡോക്ടറുടെ വേഷത്തില്‍ കണ്ടതോടെ രോഗികള്‍ ഒന്നടങ്കം ഞെട്ടി. ആദ്യ കൊറോണമുക്തസംസ്ഥാനമായി ഗോവ മാറിയതിനുപിന്നാലെ മപ്‌സയിലെ ജില്ലാ ആസ്പത്രിയിലാണ് മുഖ്യമന്ത്രി മറ്റു ഡോക്ടര്‍മാര്‍ക്കൊപ്പം രോഗികളെ ചികിത്സിച്ചത്.

ജന്മദിനമായ വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് ഡോക്ടര്‍കുപ്പായവുമണിഞ്ഞ് രോഗികളുടെ അരികിലെത്തിയത്. മുഖ്യമന്ത്രിയെ ഡോക്ടര്‍കസേരയില്‍ കണ്ടപ്പോള്‍ ജനങ്ങള്‍ ആദ്യം അദ്ഭുതപ്പെട്ടു. തുടര്‍ന്ന് ഒ.പി.യിലെത്തിയ എല്ലാ രോഗികളെയും അദ്ദേഹം പരിശോധിച്ചു.

”കൊറോണയ്‌ക്കെതിരെ പോരാടി വിജയിച്ചതിന് പിന്നാലെ ഇപ്പോള്‍ ഡോക്ടര്‍മാര്‍ എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ എല്ലാവര്‍ക്കും അഭിമാനമാണ്. സംസ്ഥാനത്തെ മെഡിക്കല്‍ ടീമിന് ആത്മവിശ്വാസം പകരാനാണ് ജന്മദിനത്തില്‍ ഡോക്ടര്‍കുപ്പായം വീണ്ടുമിട്ടത്’ -മുഖ്യമന്ത്രി പറഞ്ഞു.

‘കൊറോണയെ ഗോവയില്‍നിന്ന് തുരത്താന്‍ സംസ്ഥാനത്തെ മെഡിക്കല്‍ ടീം രാപകലില്ലാതെ ജോലിചെയ്തു. ലക്ഷ്യത്തില്‍ തന്നെ എത്തി. ജനങ്ങളെ സേവിക്കുന്നത് എല്ലായ്‌പ്പോഴും എന്റെ ആഗ്രഹമാണ്. അതിന് മുഖ്യമന്ത്രി, ഡോക്ടര്‍ എന്നീ രണ്ടു മാര്‍ഗങ്ങളും ഉപയോഗിക്കാം. ഇന്ന് ഡോക്ടറായാണ് ഞാന്‍ ആശുപത്രിയില്‍ എത്തിയിട്ടുള്ളത്. ” മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Exit mobile version