ദുരിതാശ്വാസ ഫണ്ടിലേക്ക് താരങ്ങള്‍ നല്‍കിയ തുകയെ ചൊല്ലി തര്‍ക്കം; രജനികാന്ത് ആരാധകന്‍ വിജയ് ആരാധകനെ കൊലപ്പെടുത്തി

ചെന്നൈ: കൊറോണ ദുരിതാശ്വാസ ഫണ്ടിലേക്ക് താരങ്ങള്‍ നല്‍കിയ സംഭാവനയെ ചൊല്ലി നടന്ന തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. ചെന്നൈയിലെ മാരക്കാണത്താണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. രജനികാന്തിന്റെയും വിജയ്‌യുടെയും ആരാധകര്‍ തമ്മിലാണ് തര്‍ക്കം നടന്നത്.

താരങ്ങള്‍ നല്‍കിയ സംഭാവനയെ ചൊല്ലിയുള്ള തര്‍ക്കം വിജയ് ആരാധകനായ യുവ്രാജിന്റെ മരണത്തിലാണ് കലാശിച്ചത്. രജനികാന്തിന്റെ കടുത്ത ആരാധകനായ ദിനേശ് ബാബു എന്നയാളാണ് വിജയ് ആരാധകനായ യുവ്‌രാജിനെ ആക്രമിച്ചത്. യുവ്‌രാജ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം പുതുച്ചേരി കാലാപേട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് അയച്ചിരിക്കുകയാണ്.

സംഭവത്തില്‍ ദിനേശ് ബാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട്ടിലെ കൊറോണ വൈറസ് ദുരിതാശ്വാസ ഫണ്ടിലേക്ക് നടന്‍ വിജയ് രജനികാന്തിനേക്കാള്‍ കൂടുതല്‍ തുക സംഭാവന നല്‍കിയെന്ന് പറഞ്ഞായിരുന്നു തര്‍ക്കം.

Exit mobile version