കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്ക് വൃത്തിഹീനമായ സൗകര്യമൊരുക്കി ആരോഗ്യവകുപ്പ്; നല്‍കുന്ന ഭക്ഷണം പോലും വൃത്തിയില്ലാതെ; ദുരവസ്ഥ പറഞ്ഞ് യുപിയിലെ ഡോക്ടര്‍, ഇതോണോ മോഡല്‍ എന്ന് വിമര്‍ശനം

റായ്ബറേലി: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാരെയും മെഡിക്കല്‍ ജീവനക്കാരെയും താമസിപ്പിച്ചത് വൃത്തിഹീനമായ സാഹചര്യത്തിലെന്ന് റിപ്പോര്‍ട്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ പങ്കുവെച്ച ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ മറ്റും നിറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വിവാദത്തില്‍ കലാശിച്ചതോടെ എല്ലാവരെയും ഗസ്റ്റ് ഹൗസിലേയ്ക്ക് മാറ്റി തടിതപ്പിയിരിക്കുകയാണ് അധികൃതര്‍.

സര്‍ക്കാര്‍ സ്‌കൂളിലാണ് ആദ്യം ആരോഗ്യ പ്രവര്‍ത്തകരെ താമസിപ്പിച്ചത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ 25ഓളം വരുന്ന പാരാമെഡിക്കല്‍ ജീവനക്കാരെ ഗസ്റ്റ് ഹൗസുകളിലേക്ക് മാറ്റുകയായിരുന്നു. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരുമാണ് വീഡിയോയില്‍ ഇവര്‍ക്ക് നല്‍കിയ മോശം സൗകര്യങ്ങളെക്കുറിച്ച് വ്യക്തമാക്കി വീഡിയോ പങ്കുവെച്ചത്. രോഗികളെ ചികിത്സിക്കുന്നതിനൊപ്പം ക്വാറന്റൈനിലുമാണ് ഇവര്‍.

ഒരു മുറിയില്‍ നാലു കിടക്കകളിലായാണ് ഇവര്‍ കിടക്കുന്നതെന്നും. വൈദ്യുതിയും ഇല്ല. ‘ഇത് പുലര്‍ച്ചെ മൂന്നു മണിയാണ്, വൈദ്യുതിയില്ല, ഫാന്‍ പ്രവര്‍ത്തിക്കുന്നില്ല. ഇതാണ് ഞങ്ങള്‍ക്ക് അനുവദിച്ച ഫൈവ്സ്റ്റാര്‍ സൗകര്യം,’ ആരോഗ്യ പ്രവര്‍ത്തകന്‍ വീഡിയോയില്‍ പറയുന്നു. ഇതിനു പുറമെ നല്‍കുന്ന ഭക്ഷണം പോലും വൃത്തിയില്ലെന്ന് ഇവര്‍ പറയുന്നു. വൃത്തിയായി പൊതിയാത്ത എണ്ണമയം കൂടുതലുള്ള ഭക്ഷണമാണ് ലഭിക്കുന്നതെന്ന് മറ്റൊരാള്‍ പറയുന്നു.

വ്യക്തി സുരക്ഷാ കവചം അണിഞ്ഞ് നില്‍ക്കുന്ന മറ്റൊരു ആരോഗ്യ പ്രവര്‍ത്തകന്‍ തന്റെ വീഡിയോയില്‍ ചോദിക്കുന്നത് ഇതാണോ ക്വാറന്റൈനിലിരിക്കുന്നവര്‍ക്ക് ലഭിക്കേണ്ട സുരക്ഷിതത്വം എന്നാണ്. ‘ആക്ടീവ് ക്വാറന്റൈന് വിപരീതമായാണ് ഇവിടെയെല്ലാം നടക്കുന്നത്. ഭക്ഷണമെത്തുന്നത് വൈകിയാണ്, വെളിച്ചമില്ല, വെള്ളത്തിന്റെ ഒരു ബോട്ടിലാണ് എല്ലാവരും ഉപയോഗിക്കുന്നത്,’ ആരോഗ്യ പ്രവര്‍ത്തകന്‍ തന്റെ ദുരിതം വെളിപ്പെടുത്തി.

അതേസമയം, ക്വാറന്റൈനിലിരിക്കുന്നവര്‍ക്ക് ഒറ്റമുറിയും ശുചിമുറികള്‍ പങ്കുവെക്കരുതെന്ന നിര്‍ദേശവുമുണ്ട്. എന്നാല്‍ തങ്ങള്‍ ശുചിമുറികള്‍ പങ്കുവെക്കുകയാണെന്നും യാതൊരു തരത്തിലുമുള്ള സുരക്ഷിതത്വവും ഉറപ്പാക്കുന്നില്ലെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. സോഷ്യല്‍മീഡിയയില്‍ ദൃശ്യങ്ങള്‍ നിറഞ്ഞതോടെയാണ് അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയുണ്ടായത്. എന്നാല്‍ വിമര്‍ശനവുമായി പലരും രംഗത്തെത്തി. ഇതാണോ മോഡല്‍ ആക്കേണ്ടത് എന്ന ചോദ്യമുണര്‍ത്തിച്ചാണ് വിമര്‍ശനം ഉയരുന്നത്.

Exit mobile version