സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്നറിയാം, എങ്കിലും ഇന്ത്യ തിരക്ക് കൂട്ടരുത്, ലോക്ക് ഡൗണ്‍ 10 ആഴ്ചത്തേക്ക് നീട്ടണമെന്ന് വിദഗ്ധന്‍

മുംബൈ: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ത്യ രണ്ടാംഘട്ട ലോക്ക് ഡൗണില്‍ കഴിയുകയാണ്. ഒന്നാംഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കുന്ന ഏപ്രില്‍ 14നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ലോക്ക് ഡൗണ്‍ മെയ് മൂന്ന് വരെയാക്കി നീട്ടിയെന്ന് പ്രഖ്യാപിച്ചത്. മെയ് മൂന്നിന് ശേഷം എല്ലാം സാധാരണസ്ഥിതിയിലേക്ക് തിരിച്ചുവരുമെന്നാണ് നമ്മുടെ പ്രതീക്ഷ.

എന്നാല്‍ ഇതുകൊണ്ട് കാര്യമില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ലോക്ക് ഡൗണ്‍ ഇനിയും നീട്ടണമെന്നാണ് ആരോഗ്യവിദഗ്ധരടക്കമുള്ളവരുടെ അഭിപ്രായം. ഇന്ത്യ പത്ത് ആഴ്ച ലോക്ക് ഡൗണ്‍ ചെയ്തുകൊണ്ട് സ്ഥിതിഗതികള്‍ നിരീക്ഷിക്കണമെന്ന് ലോകപ്രശസ്ത്ര ആരോഗ്യപ്രസിദ്ധീകരണമായ ദി ലാന്‍സെറ്റിന്റെ എഡിറ്റര്‍ റിച്ചാര്‍ ഹോര്‍ട്ടണ്‍ പറയുന്നു.

ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് റിച്ചാര്‍ഡ് അഭിപ്രായം തുറന്നുപറഞ്ഞത്. ഇന്ത്യ ലോക്ക് ഡൗണ്‍ അവസാനിപ്പിക്കാന്‍ തിരക്കുകൂട്ടരുതെന്നും പത്ത് ആഴ്ചയെങ്കിലും ലോക്ക് ഡൗണ്‍ ചെയ്തുകൊണ്ട് സ്ഥിതിഗതികള്‍ നിരീക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മഹാമാരി ഒരു രാജ്യത്തും ദീര്‍ഘകാലം നില്‍ക്കില്ല. രാജ്യങ്ങള്‍ കൊറോണയെ നേരിടാന്‍ ശരിയായ കാര്യങ്ങള്‍ തന്നെയാണ് ചെയ്യുന്നത്. ഇന്ത്യയിലാവാട്ടെ ലോക്ക് ഡൗണ്‍ ഫലപ്രദമാകണമെങ്കില്‍ പത്ത് ആഴ്ച സമയം നല്കണമെന്നും ഈ സമയം രോഗവ്യാപനം കുറയുന്നുണ്ടോ എന്ന് നിരീക്ഷിക്കണമെന്നും റിച്ചാര്‍ ഹോര്‍ട്ടണ്‍ വ്യക്തമാക്കി.

ഇന്ത്യ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്ന് അറിയാം. എങ്കില്‍ പോലും ലോക്ക് ഡൗണ്‍ പിന്‍വലിക്കാന്‍ ധൃതികൂട്ടരുത്. കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കണമെന്നും കൊറോണയുടെ രണ്ടാമതൊരു തിരിച്ചുവരവ് ഉണ്ടായാല്‍ അത് ആദ്യത്തേക്കാള്‍ അപകടകരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ വീണ്ടും തിരിച്ചുവന്നാല്‍ വീണ്ടും ലോക്ക് ഡൗണ്‍ ആരംഭിക്കേണ്ടിവരും. വിലപ്പെട്ട സമയവും സമ്പത്തും അതിനായി ചെലവഴിക്കേണ്ടിവരും. അതുകൊണ്ട് ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ പത്ത് ആഴ്ച വരെ തുടരണം. ഈ 10 ആഴ്ചയുടെ അവസാനത്തോടെ രോഗവ്യാപനംകുറയുകയാണെങ്കില്‍ നിങ്ങള്‍ക്ക് സാധാരണ നിലയിലേക്ക് മാറാം. എങ്കിലും സാമൂഹിക അകലം പാലിക്കണം, മാസ്‌കുകള്‍ ധരിക്കണം, വ്യക്തിശുചിത്വം പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version