കൊവിഡ് 19; ലോക്‌സഭാ സെക്രട്ടേറിയറ്റ് ജീവനക്കാരന് വൈറസ് ബാധ സ്ഥിരീകരിച്ചു, സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തില്‍ അധികൃതര്‍

ന്യൂഡല്‍ഹി: ലോക്‌സഭാ സെക്രട്ടേറിയറ്റ് ജീവനക്കാരന് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ ജീവനക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഇയാള്‍ ജോലിക്ക് എത്തിയിരുന്നില്ല. കടുത്ത പനിയുമായി ആശുപത്രിയിലെത്തിയ ഇയാളെ സംശയത്തെ തുടര്‍ന്ന് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ ഡല#ഹിയിലെ ആര്‍എംഎല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ഇയാള്‍.

ഇയാളുടെ കുടുംബത്തേയും ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഇയാളുമായി സമ്പര്‍ക്കത്തില്‍ വന്ന പതിനൊന്ന് പേരെ ഇതിനോടകം കൊവിഡ് പരിശോധനകള്‍ക്ക് വിധേയരാക്കിയിട്ടുണ്ട്. ഇവരുടെ പരിശോധനാഫലത്തിനായി കാത്തിരിക്കുകയാണ് അധികൃതര്‍.

അതേസമയം രാഷ്ട്രപതി ഭവനിലെ ശുചീകരണ തൊഴിലാളിക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് രാഷ്ട്രപതി ഭവനിലെ നൂറോളം പേരെ ക്വാറന്റൈനിലാക്കിക്കിയിരിക്കുകയാണ്. ഡല്‍ഹിയില്‍ ഇതുവരെ 2081 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 47 പേരാണ് വൈറസ് ബാധമൂലം ഡല്‍ഹിയില്‍ മരിച്ചത്.

Exit mobile version