കൊവിഡിനെതിരെ വാക്‌സിൻ കണ്ടെത്താൻ ലോകം തീവ്രശ്രമത്തിൽ; ഒപ്പം ചേർന്ന് ഇന്ത്യയും; എഴുപതോളം പരീക്ഷണങ്ങൾ പുരോഗമിക്കുന്നു

ന്യൂഡൽഹി: ലോകം കൊവിഡിന് എതിരെ പകച്ചു നിൽക്കുമ്പോൾ പ്രതിരോധവാക്‌സിൻ കണ്ടുപിടിക്കാനുള്ള ശ്രമങ്ങൾ പ്രാരംഭഘട്ടത്തിൽ തന്നെയാണ്. ഇതുവരെ ഫലപ്രദമായ രീതിയിൽ മരുന്ന് കണ്ടെത്താനായിട്ടില്ല. അതേസമയം ആഗോള തലത്തിൽ നടക്കുന്ന കൊവിഡ് വാക്‌സിൻ പരീക്ഷണങ്ങൾക്ക് ഒപ്പം ചേർന്നിരിക്കുകയാണ് ഇന്ത്യയും. ആഗോള മഹാമാരിക്കെതിരെ വാക്‌സിൻ കണ്ടുപിടിക്കാൻ ഇന്ത്യൻ കമ്പനികളും ശ്രമങ്ങൾ തുടരുകയാണ്. ആറ് ഇന്ത്യൻ കമ്പനികളാണ് കൊവിഡ് വാക്‌സിൻ കണ്ടുപിടിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്.

ഏകദേശം എഴുപതോളം പരീക്ഷണങ്ങളാണ് ഇതുവഴി നടക്കുന്നത്. മൂന്ന് കമ്പനികളെങ്കിലും മനുഷ്യരിൽ പരീക്ഷിക്കാവുന്ന ഘട്ടത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നാണ് സൂചന. എങ്കിലും 2021ന് മുമ്പ് വാക്‌സിൻ ഉപയോഗത്തിലേക്ക് എത്താനുള്ള സാധ്യത കുറവാണ്.

‘സൈഡസ് കാഡില രണ്ട് വാക്‌സിനുകൾക്കായി പരീക്ഷണം തുടരുമ്പോൾ സെറം ഇൻസ്റ്റിറ്റ്യൂട്ട്, ബയോളജിക്കൽ ഇ, ഭാരത് ബയോടെക്, ഇന്ത്യൻ ഇമ്മ്യൂണോളജിക്കൽസ്, മൈൻവാക്‌സ് എന്നിവ ഓരോ വാക്‌സിൻ വീതം വികസിപ്പിച്ചെടുക്കുന്നുണ്ട്,’ ഫരീദാബാദിലെ ട്രാൻസ്ലേഷൻ ഹെൽത്ത് സയൻസ് ആൻഡ് ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ട് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഗഗൻദീപ് കാങ് പറഞ്ഞു.

അതേസമയം, വാക്‌സിൻ കണ്ടെത്താനുള്ള പരീക്ഷണങ്ങളെല്ലാം കഠിനമാണെന്നും വിജയ സാധ്യത ഇപ്പോൾ പറയാൻ കഴിയില്ലെന്നുമാണ് ഗവേഷകർ പറയുന്നത്. വാക്‌സിൻ ഗവേഷണം ദൈർഘ്യമേറിയ പ്രവർത്തനമാണ്. ചിലപ്പോൾ പൂർത്തിയാകാൻ വർഷങ്ങളെടുക്കും. പ്രതിസന്ധികളും ധാരാളമാണെന്ന് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിലെ മുതിർന്ന ശാസ്ത്രജ്ഞർ പറയുന്നു.

Exit mobile version