കൊവിഡ് പ്രതിരോധത്തിന് 100 കോടിയുടെ സഹായവുമായി ഐസിഐസിഐ ഗ്രൂപ്പ്; 80 കോടി പിഎം കെയേഴ്‌സ് ഫണ്ടിലേക്ക്

തിരുവനന്തപുരം: കൊവിഡിനെതിരായ പ്രതിരോധം ശക്തമാക്കുന്നതിനിടെ രാജ്യത്തിന് കൈത്താങ്ങായി 100 കോടി രൂപ സംഭാവന ചെയ്യാൻ ഒരുങ്ങി ഐസിഐസിഐ ഗ്രൂപ്പ്. ഇതിൽ 80 കോടി രൂപ പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് നൽകും. ബാക്കി 20 കോടി രൂപ സംസ്ഥാന സർക്കാരുകൾക്കും പ്രാദേശിക ഭരണകൂടങ്ങൾക്കും നൽകും. ഐസിഐസിഐ ബാങ്കും സഹസ്ഥാപനങ്ങളും കൂടിച്ചേർന്നാണ് 100 കോടി രൂപ നൽകുക.

അത്യാവശ്യഘട്ടങ്ങളിലും പുരോഗതിയുടെ സമയത്തും ഐസിഐസിഐ ഗ്രൂപ്പ് രാജ്യത്തോട് ഒപ്പം നിന്നിട്ടുണ്ട്. ഇതുവരെ കാണാത്ത തരത്തിലുള്ള വെല്ലുവിളിയാണ് രാജ്യത്തിനും ജനങ്ങൾക്കും കോവിഡ് വൈറസ് സൃഷ്ടിച്ചത്. നമ്മൾ ഒരുമിച്ച് നിൽക്കുകയും ഈ വെല്ലുവിളിക്കെതിരെ പോരാടുകയും വേണം- ഐസിഐസിഐ ബാങ്ക് പ്രസിഡന്റ് സന്ദീപ് ബത്ര പറഞ്ഞു.

ഐസിഐസിഐ ഗ്രൂപ്പ് ഇതുവരെ 2.13 ലക്ഷത്തിലധികം ശസ്ത്രക്രിയ മാസ്‌കുകളും 40,000 എൻ95 മാസ്‌കുകൾ, 20,000 ലിറ്റർ സാനിറ്റൈസറുകൾ, 16,000 കയ്യുറകൾ, 5,300 പേഴ്‌സണൽ പ്രൊട്ടക്ഷൻ ഉപകരണങ്ങൾ (പിപിഇ) സ്യൂട്ടുകൾ, 2,600 പ്രൊട്ടക്റ്റീവ് ഐ ഗിയർ, 50 തെർമൽ സ്‌കാനറുകൾ, 3 വെന്റിലേറ്റർ എന്നിവ വിവിധ സംസ്ഥാന വകുപ്പുകളിലേക്കും ആശുപത്രികളിലേക്കും നൽകിയിട്ടുമുണ്ട്.

പിഎം കെയേഴ്‌സ് ഫണ്ടിനായി സംഭാവനകൾ ശേഖരിക്കുന്നതിനുള്ള അനുമതി ബാങ്കിന് ലഭിച്ചിട്ടുണ്ട്. നിരവധി സംസ്ഥാന സർക്കാരുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംഭാവന സ്വീകരിക്കുന്നതിന് ബാങ്കിന് അംഗീകാരം നൽകിയിട്ടുണ്ട്.

Exit mobile version