ആരോഗ്യസേതു ആപ്പ് സൂപ്പര്‍ ഹിറ്റിലേക്ക്, 13 ദിവസത്തിനുള്ളില്‍ ഡൗണ്‍ലോഡ് ചെയ്തത് അഞ്ച് കോടിയിലധികം പേര്‍, റേഡിയോയും ടെലിവിഷനും ഇന്റര്‍നെറ്റും എത്തിയതില്‍ വേഗത്തില്‍ ആപ്പ് ജനങ്ങളിലെത്തിയെന്ന് നീതി ആയോഗ് സിഇഒ

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ രോഗ ബാധിതരെ ട്രാക്ക് ചെയ്യുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ വികസിപ്പിച്ചെടുത്ത മൊബൈല്‍ ആപ്ലിക്കേഷനാണ് ആരോഗ്യസേതു. നിലവില്‍ ആരോഗ്യസേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്തവരുടെ എണ്ണം അഞ്ച് കോടി കടന്നതായാണ് റിപ്പോര്‍ട്ട്.

13 ദിവസത്തിനുള്ളില്‍ അഞ്ച് കോടിയിലധികം പേര്‍ ഡൗണ്‍ലോഡ് ചെയ്തതോടെ ഏറ്റവും വേഗത്തില്‍ ഏറ്റവുമധികം പേരിലേക്കെത്തുന്ന ആപ്പായി ആരോഗ്യസേതുമാറിയെന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് പറഞ്ഞു. ബുധനാഴ്ച ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

” അഞ്ച് കോടി ജനങ്ങളിലേക്ക് ടെലിഫോണ്‍ എത്തിച്ചേരാന്‍ 75 കൊല്ലവും റേഡിയോ എത്താന് 38 കൊല്ലവും ടെലിവിഷന്‍ എത്താന്‍ 13 കൊല്ലവും ഇന്റര്‍നെറ്റ് 4 കൊല്ലവും ഫേസ്ബുക്ക് 19 മാസവും പോക്കെമോന്‍ ഗോ എത്തിയത് 19 ദിവസവുമാണെടുത്തത്. എന്നാല്‍ ഇതിലും വേഗത്തില്‍ ആരോഗ്യസേതു ജനങ്ങളില്‍ എത്തി” എന്ന് അമിതാഭ് കാന്ത് ട്വിറ്ററില്‍ കുറിച്ചു.

”കൊറോണയ്‌ക്കെതിരെയുള്ള പ്രതിരോധപ്രവര്‍ത്തനത്തിനായി ഇന്ത്യ വികസിപ്പിച്ചെടുത്ത ആപ്പ് കേവലം 13 ദിവസം കൊണ്ടാണ് 5 കോടിയിലധികം പേര്‍ ഡൗണ്‍ലോഡ് ചെയ്തത്. ആരോഗ്യസേതു ലോകത്തില്‍ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഏറ്റവുമധികം പേരിലെത്തുന്ന ആപ്പായി മാറി’ എന്നും അമിതാഭ് കാന്ത് കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രിയുടെ ഓഫീസ് നിയമിച്ച കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ നീതി ആയോഗും ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി വകുപ്പും സംയുക്തമായാണ് ആപ്പ് വികസിപ്പിച്ചെടുത്തത്. ടെക് മഹീന്ദ്രയും മഹീന്ദ്രഗ്രൂപ്പും ആപ്പിനെ കൂടുതല്‍ വികസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

കൊറോണ വ്യാപനം തടയാനായി ബോധവത്ക്കരണത്തിനും രോഗലക്ഷണങ്ങള്‍ വ്യക്തികള്‍ക്ക് സ്വയം പരിശോധിക്കാനും ലക്ഷ്യമിട്ടാണ് ആരോഗ്യസേതു വികസിപ്പിച്ചെടുത്തത്. 11 ഭാഷകളില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ലഭ്യമാണ്. ഇത് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും ലഭ്യമാണ്.

അതേസമയം, ഉപയോക്താവിന്റെ സ്വകാര്യത ആപ്പ് വഴി ഹനിക്കില്ല എന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പും നല്‍കിയിട്ടുണ്ട്. ആദ്യഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കുന്ന ഏപ്രില്‍ 14 ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോഡി ആരോഗ്യസേതു ആപ്പ് എല്ലാവരും ഡൗണ്‍ലോഡ് ചെയ്യണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

Exit mobile version