കുനാലിനെ വിലക്കിയപ്പോള്‍ ലോക്ക് ഡൗണ്‍ എല്ലാവരുടെയും യാത്ര മുടക്കി; വിമാനകമ്പനികളെ ട്രോളി ശശി തരൂര്‍, ഇനി കുനാലിന് യാത്രാ നിരോധനം ഏര്‍പ്പെടുത്തരുതെന്ന് ഉപദേശം

ന്യൂഡല്‍ഹി: ഹാസ്യ കലാകാരന്‍ കുനാല്‍ കമ്രയ്ക്ക് വിമാന കമ്പനികള്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ വിമാന കമ്പനികളെ ലോക്ക് ഡൗണുമായി ബന്ധപ്പെടുത്തി ട്രോളി ശശി തരൂര്‍ എംപി. ട്വിറ്ററിലൂടെയാണ് എംപിയുടെ പരിഹാസം. കുനാലിന്റെ യാത്ര വിലക്കിയപ്പോള്‍ കൊവിഡ് എത്തി എല്ലാവരുടെയും യാത്ര വിലക്കിയെന്നാണ് തരൂരിന്റെ പരിഹാസം. ഇന്‍ഡിഗോയെ റീട്വീറ്റ് ചെയ്തായിരുന്നു പരിഹാസം.

കുനാല്‍ മൂന്ന് മാസത്തേക്ക് യാത്ര ചെയ്യേണ്ടെന്ന് വിമാനകമ്പനികള്‍ തീരുമാനിച്ചപ്പോള്‍ ലോക്ക്ഡൗണ്‍ ഇക്കാലയളവില്‍ മറ്റാരും തന്നെ യാത്ര ചെയ്യേണ്ടെന്ന് ഉറപ്പാക്കിയതായി തരൂര്‍ ട്വീറ്റ് ചെയ്തു. എല്ലാവരുടേയും നന്മയ്ക്കായി ഇനിയൊരിക്കലും കുനാലിന് യാത്രാ നിരോധനം ഏര്‍പ്പെടുത്തരുതെന്ന ഉപദേശവും അദ്ദേഹം നല്‍കി.

മാധ്യപ്രവര്‍ത്തകനായ അര്‍ണബ് ഗോസ്വാമിയെ വിമാനത്തിനുള്ളില്‍ ആക്ഷേപിച്ച് വീഡിയോ ചിത്രീകരിച്ചതിനാണ് ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, ഗോ എയര്‍, സ്‌പൈസ്‌ജെറ്റ് അടക്കമുള്ള വിമാന കമ്പനികള്‍ നേരത്തെ കുനാലിന് യാത്ര വിലക്ക് ഏര്‍പ്പെടുത്തിയത്. സംഭവത്തില്‍ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു.

Exit mobile version