കൊവിഡ് 19; വൈറസ് ബാധമൂലം ധാരാവിയില്‍ ഒരാള്‍ കൂടി മരിച്ചു

മുംബൈ: ധാരാവിയില്‍ വൈറസ് ബാധമൂലം ഒരാള്‍ കൂടി മരിച്ചു. 80 വയസുകാരനാണ് മരിച്ചത്. ധാരാവിയില്‍ ഇതുവരെ ഇരുപത്തിയെട്ട് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ധാരാവിയില്‍ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ ആരോഗ്യപ്രവര്‍ത്തകരും ആശങ്കയിലാണ്. അതേസമയം ധാരാവിയില്‍ രോഗം പടരുന്ന ഇടകളിലെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഉള്‍പ്പെടെ അടച്ചതോടെ ജനജീവിതം കൂടുതല്‍ ദുസഹമായിരിക്കുകയാണ്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. 1666 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് മുംബൈ, പുണെ, താനെ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതര്‍ ഉള്ളത്. മഹാരാഷ്ട്രയില്‍ മുംബൈയാണ് പ്രധാന കൊവിഡ് ഹോട്ട്‌സ്‌പോര്‍ട്ട്. ആകെയുള്ള രോഗികളില്‍ 873 രോഗികളും മുംബൈയിലാണ്. പുണെയില്‍ 206 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. മഹാരാഷ്ട്രയില്‍ 111 പേരാണ് ഇതുവരെ വൈറസ് ബാധമൂലം മരിച്ചത്.

അതേസമയം കൊവിഡ് 19 വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗണ്‍ നീട്ടാന്‍ ധാരണ. മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം. ഇതോടെ ഏപ്രില്‍ 28വരെ രാജ്യത്ത് ലോക്ക്ഡൗണ്‍ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി രാജ്യത്തോട് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന. ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിപക്ഷം സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ നീട്ടണമെന്നാണ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്.

Exit mobile version