കൊറോണ സ്ഥിരീകരിച്ചതോടെ പരിഭ്രാന്തിയിലായി; തബ്ലീഗ് പ്രവര്‍ത്തകന്‍ ഐസൊലേഷന്‍ വാര്‍ഡിലെ കുളിമുറിയില്‍ കഴുത്തറുത്ത് ആത്മഹത്യ ചെയ്തു

മുംബൈ: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തബ് ലീഗ് ജമാഅത്ത് പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ അകോലയിലാണ് സംഭവം. ആശുപത്രിയിലാണ് 30 വയസ്സുകാരനെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത ശേഷമാണ് അസം സ്വദേശിയായ യുവാവ് മഹാരാഷ്ട്രയില്‍ എത്തിയത്. മാര്‍ച്ച് ആറുമുതല്‍ എട്ടുവരെ ന്യൂഡല്‍ഹിയില്‍ ഉണ്ടായിരുന്ന യുവാവ് മറ്റ് തബ് ലീഗ് പ്രവര്‍ത്തകര്‍ക്ക് ഒപ്പമാണ് മഹാരാഷ്ട്രയില്‍ എത്തിയത്.

മതസമ്മേളനത്തില്‍ പങ്കെടുത്ത നിരവധി തബ്ലീഗ് പ്രവര്‍ത്തകര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. കൊറോണ രോഗലക്ഷണങ്ങള്‍ പ്രകടമായതോടെ യുവാവ് സ്വയം ചികിത്സ തേടി ആശുപത്രിയില്‍ എത്തുകയായിരുന്നു. വെളളിയാഴ്ച വൈകീട്ടാണ് ഇദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചത്.

തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ യുവാവിനെ ആശുപത്രിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച 30 കാരന്‍ കുളിമുറിയില്‍ വച്ച് ബ്ലേഡ് ഉപയോഗിച്ച് കഴുത്തുമുറിച്ചാണ് ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറയുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version