കൊവിഡ് 19; വൈറസ് ബാധമൂലം ഗുജറാത്തില്‍ 14 മാസം പ്രായമായ കുഞ്ഞ് മരിച്ചു

അഹമ്മദാബാദ്: കൊവിഡ് 19 വൈറസ് ബാധമൂലം ഗുജറാത്തില്‍ 14 മാസം പ്രായമായ കുഞ്ഞ് മരിച്ചു. ഗുജറാത്തിലെ ജാംനഗറിലാണ് കുഞ്ഞ് മരിച്ചത്. ഏപ്രില്‍ അഞ്ചിനാണ് കുഞ്ഞിന് രോഗം സ്ഥിരീകരിച്ചത്. ഗുരുതരാവസ്ഥയില്‍ ആയതിനെത്തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവയവങ്ങള്‍ തകരാറിലായതിനെത്തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു എന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്. അതേസമയം കുട്ടിക്ക് എങ്ങനെയാണ് വൈറസ് ബാധയുണ്ടായത് എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമായിട്ടില്ല.

ഗുജറാത്തില്‍ ഇതുവരെ 16 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇന്നലെ മാത്രം 29 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം തമിഴ്‌നാട്ടില്‍ വൈറസ് ബാധമൂലം ഒരാള്‍ മരിച്ചു. വെല്ലൂര്‍ സിഎംസിയില്‍ ചികിത്സയിലായിരുന്ന 45 കാരനാണ് മരിച്ചത്. ഇതോടെ തമിഴ്‌നാട്ടില്‍ കൊവിഡ് മരണം 8 ആയി ഉയര്‍ന്നു.

മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണം ആയിരം കവിഞ്ഞു. കഴിഞ്ഞ ദിവസം മാത്രം 12 പേരാണ് ഇവിടെ വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണ സംഖ്യ 64 ആയി ഉയര്‍ന്നു. അതേസമയം രാജ്യത്ത് ഇതുവരെ നാലായിരത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 125 പേരാണ് വൈറസ് ബാധമൂലം മരിച്ചത്.

Exit mobile version