മനോഹര്‍ പരീക്കറിനെ ഗോവ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റാനൊരുങ്ങി ബിജെപി

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ അവസാനിക്കാനായി കാത്തിരിക്കുകയാണ് ബിജെപി എന്നാണ് അറിയുന്നത്.

പനാജി: മനോഹര്‍ പരീക്കറിനെ ഗോവ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാനൊരുങ്ങി ബിജെപി. പരീക്കറിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടാകാത്ത സാഹചര്യത്തില്‍ അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റുക അനിവാര്യമാണെന്ന നിലപാടിലാണ് ബിജെപിയെന്ന് പാര്‍ട്ടിയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ അവസാനിക്കാനായി കാത്തിരിക്കുകയാണ് ബിജെപി എന്നാണ് അറിയുന്നത്.

ഗോവയില്‍ ബിജെപി കനത്ത ഭരണ പ്രതിസന്ധി തന്നെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. അതേസമയം, സംസ്ഥാനത്തെ ചില മുതിര്‍ന്ന നേതാക്കള്‍ മുഖ്യമന്ത്രി പദത്തിനായി ആവശ്യമുയര്‍ത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ആയുഷ് മന്ത്രി ശ്രീപാദ് നായിക്, മന്ത്രിമാരായ വിശ്വജിത് റാണെ, ഗോവ അസംബ്ലി സ്പീക്കര്‍ പ്രമോദ് സാവന്ത്, മഹാരാഷ്ട്രവാദി ഗോമാന്‍തക് പാര്‍ട്ടി നേതാവ് സുധിന്‍ ദവാലികര്‍ എന്നിവരെയാണ് മുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിക്കപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ട്.

അതേസമയം എല്ലാ ഘടകകക്ഷികള്‍ക്കും സ്വീകാര്യനായ ഒരു നേതാവ് വരുന്നതുവരെ പരീക്കര്‍ തന്നെ തുടരണമെന്ന നിലപാടിലാണ് സംസ്ഥാനത്തേയും കേന്ദ്രത്തിലേയും ബിജെപി നേതൃത്വം.

മനോഹര്‍ പരീക്കര്‍ രാജിവെയ്ക്കണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ സ്വകാര്യ വസതിയിലേക്ക് അടുത്തിടെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം നടത്തിയിരുന്നു. ഒരു മുഴുവന്‍ സമയ മുഖ്യമന്ത്രി വേണമെന്നും അതിനാല്‍ 48 മണിക്കൂറിനുളളില്‍ പരീക്കര്‍ രാജിവെയ്ക്കണമെന്നുമായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.

ചില ഗവണ്‍മെന്റ് ഇതര സംഘടനകളുടെയും ആക്ടിവിസ്റ്റുകളുടെയും നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചിന് കോണ്‍ഗ്രസ്, എന്‍സിപി, ശിവസേന എന്നിവരുടെ പിന്തുണയുമുണ്ടായിരുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ പരീക്കര്‍ മുഖ്യമന്ത്രി പദം ഒഴിയണമെന്ന് മാത്രമാണ് പ്രതിഷേധക്കാര്‍ ആവശ്യം ഉന്നയിക്കുന്നത്.

അദ്ദേഹത്തിന്റെ ശാരീരിക സ്ഥിതി വഷളായി എന്ന രീതിയിലുള്ള ഊഹാപോഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പാന്‍ക്രിയാറ്റിക് രോഗം ബാധിച്ച് ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലായിരുന്നു മനോഹര്‍ പരീക്കര്‍. ഇവിടെ നിന്ന് ഡിസ്ചാര്‍ജ്ജ് ആയതിന് ശേഷം സ്വകാര്യ വസതിയില്‍ വിശ്രമത്തിലാണ് അദ്ദേഹം.

Exit mobile version