കുട്ടികള്‍ക്ക് അനുസരണയില്ലാത്തതിന് പോലീസിനും സര്‍ക്കാരിനും മുകളില്‍ ഉത്തരവാദിത്തം ചാര്‍ത്തേണ്ട, അവരെ രാത്രി എന്തിന് ബീച്ചിലേയ്ക്ക് വിട്ടു..? ബലാത്സംഗക്കേസില്‍ വിവാദ ചോദ്യവുമായി ഗോവ മുഖ്യമന്ത്രി

പനാജി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. പെണ്‍കുട്ടികളെ എന്തിന് രാത്രി ബീച്ചിലേയ്ക്ക് വിട്ടുവെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. കഴിഞ്ഞയാഴ്ച ഗോവയിലെ ബെനോലിം ബീച്ചില്‍വെച്ച് രണ്ടുപെണ്‍കുട്ടികളെ നാലു പുരുഷന്മാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തിരുന്നു. സംഭവത്തോട് പ്രതികരിക്കവെയാണ് നിയമസഭയില്‍ വെച്ച് വിവാദ പ്രസ്താവന നടത്തിയത്.

14 വയസ്സുള്ള കുട്ടികള്‍ രാത്രി മുഴുവന്‍ ബീച്ചില്‍ തങ്ങുമ്പോള്‍, മാതാപിതാക്കള്‍ അന്വേഷിക്കേണ്ടതുണ്ട്. കുട്ടികള്‍ക്ക് അനുസരണയില്ലാത്തതിന് പോലീസിനും സര്‍ക്കാരിനും മുകളില്‍ ഉത്തരവാദിത്തം ചാര്‍ത്താനാകില്ല- ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന സാവന്ത് പറഞ്ഞു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം മാതാപിതാക്കള്‍ക്കാണെന്ന് സാവന്ത് പറഞ്ഞു. രാത്രി പെണ്‍കുട്ടികളെ വീടുവിട്ട് പുറത്തുപോകാന്‍ അനുവദിക്കരുത്, പ്രത്യേകിച്ച് അവര്‍ പ്രായപൂര്‍ത്തി ആകാത്തവരാണെങ്കില്‍- സാവന്ത് കൂട്ടിച്ചേര്‍ത്തു. നമ്മള്‍ പോലീസിനെ കുറ്റപ്പെടുത്തുന്നു. പക്ഷെ ഞാന്‍ ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുന്നത്, പത്ത് യുവാക്കള്‍ ബീച്ചില്‍ പാര്‍ട്ടിക്ക് പോകുന്നു. നാലുപേര്‍-രണ്ട് ആണ്‍കുട്ടികളും രണ്ടു പെണ്‍കുട്ടികളും രാത്രി മുഴുവന്‍ ബീച്ചില്‍ കഴിയുന്നു. കൗമാരക്കാര്‍- പ്രത്യേകിച്ച് പ്രായപൂര്‍ത്തിയാകാത്തവര്‍ ബീച്ചുകളില്‍ രാത്രി ചിലവഴിക്കരുത്- സാവന്ത് കൂട്ടിച്ചേര്‍ത്തു.

പെണ്‍കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന ആണ്‍കുട്ടികളെ മര്‍ദിച്ച് അവശരാക്കിയതിനു ശേഷമായിരുന്നു പെണ്‍കുട്ടികളെ സംഘം ഉപദ്രവിച്ചത്. മര്‍ദനമേറ്റ ആണ്‍കുട്ടികളും പ്രായപൂര്‍ത്തിയാകാത്തവര്‍ ആയിരുന്നു. അക്രമികളില്‍ ഒരാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞായിരുന്നു സംഘം കുട്ടികളെ ഉപദ്രവിച്ചത്. ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംസ്ഥാന തലസ്ഥാനമായ പനാജിയില്‍നിന്ന് മുപ്പതു കിലോമീറ്റര്‍ അകലെയാണ് ബെനോലിം ബീച്ച്.

Exit mobile version