ഇതൊരു നീണ്ട യുദ്ധമാണ്, ഇപ്പോഴെങ്ങും അവസാനിക്കാത്ത യുദ്ധം; ലോക്ക് ഡൗൺ കാലത്തെ പൗരന്മാരുടെ ക്ഷമ അപാരം; ബിജെപി പ്രവർത്തകർക്ക് അഞ്ച് നിർദേശവും കൈമാറി മോഡി

ന്യൂഡൽഹി: ബിജെപി പാർട്ടിയുടെ നാൽപതാം സ്ഥാപക ദിനത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ലോക്ക് ഡൗൺ കാലത്ത് രാജ്യത്തെ പൗരൻമാർ കാണിച്ച ക്ഷമയും സഹനശക്തിയും അപാരമെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി വാഴ്ത്തി.

സർക്കാർ നിർദേശിച്ച നിയന്ത്രണങ്ങളെ അതിന്റെ ഗൗരവത്തോടെ ജനം ഉൾക്കൊണ്ടു. ഇന്നലെ ആവശ്യമില്ലാത്ത വിളക്കുകളെല്ലാം അണച്ച് ദീപം കൊളുത്താനുള്ള തൻറെ ആഹ്വാനത്തെ കോടിക്കണക്കിന് ഇന്ത്യക്കാർ പിന്തുണച്ചെന്നും മോഡി ബിജെപി പ്രവർത്തകരോടായി പറഞ്ഞു. വീഡിയോ കോൺഫറൻസിങിലൂടെയാണ് മോഡി പ്രവർത്തകരോട് സംവദിച്ചത്. അതേസമയം, ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നൂറ് കടന്നു. രോഗം ബാധിച്ചവരുടെ എണ്ണം നാലായിരവും കടന്നു.

”ഇതൊരു നീണ്ട യുദ്ധമാണ്. ഇപ്പോഴെങ്ങും അവസാനിക്കാത്ത യുദ്ധം. നമ്മൾ തളരരുത്. ഈ രോഗത്തെ നമുക്ക് തോൽപ്പിച്ചേ തീരൂ”, മോഡി ആഹ്വാനം ചെയ്തു. നമ്മുടെ രാജ്യത്തിന്റെ ഐക്യം ഞായറാഴ്ച വൈകിട്ട് കണ്ടു”, വിളക്കുകളെല്ലാം അണച്ച് ദീപം കൊളുത്തിയവരെക്കുറിച്ച് മോഡി പറഞ്ഞതിങ്ങനെ.

അതേസമയം, രാജ്യത്തെ പാവപ്പെട്ടവർ പട്ടിണി കിടക്കുന്നില്ല എന്ന് ഉറപ്പുവരുത്താൻ ബിജെപി പ്രവർത്തകർ അഞ്ച് കാര്യങ്ങൾ ചെയ്യണമെന്നും മോഡി പറഞ്ഞു. ഒന്ന്, ബിജെപി പ്രവർത്തകർ പാവപ്പെട്ടവർക്ക് റേഷൻ എത്തിക്കണം. ആരും പട്ടിണി കിടക്കില്ലെന്ന് ഉറപ്പുവരുത്തണം. രണ്ട്, സാധാരണ തുണി കൊണ്ടുള്ള മുഖാവരണം അണിയുക. മുഖാവരണം മറ്റുള്ളവർക്ക് വിതരണം ചെയ്യണം. മൂന്ന് ആരോഗ്യപ്രവർത്തകർ, പോലീസ്, ശുചീകരണ തൊഴിലാളികൾ, അവശ്യസർവ്വീസിലുള്ളവർ എന്നിവർക്ക് നന്ദി എഴുതി അറിയിക്കുക. നാല് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻറെ ആരോഗ്യസേതു ആപ്പിന് പ്രചാരണം നൽകണം. അഞ്ച്, പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് സംഭാവന ഉറപ്പാക്കണം.

ഇന്ത്യ തീരുമാനമെടുത്തതിൽ കാണിച്ച വേഗതയെ ലോകം അഭിനന്ദിക്കുന്നുവെന്ന് പറഞ്ഞ മോഡി, ഒറ്റക്കെട്ടായാണ് ഇന്ത്യ ഈ യുദ്ധത്തിൽ പങ്കാളിയാവുന്നതെന്നും ലോകാരോഗ്യസംഘടനയടക്കം ഇതിനെ അഭിനന്ദിച്ചുവെന്നും വ്യക്തമാക്കി.

Exit mobile version