ലോക് ഡൗണ്‍ കാരണം പട്ടിണിയിലാണ്, ഞങ്ങളെ സഹായിക്കൂ..,; ചുമരില്‍ സഹായമഭ്യര്‍ത്ഥനയുമായി പെയിന്റ്ങ് തൊഴിലാളി; യഥാര്‍ത്ഥ ഇന്ത്യയുടെ ചിത്രം

ഛണ്ഡീഗഡ്: പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജനങ്ങള്‍ വീടിനുള്ളില്‍ കഴിയുകയാണ്. ലോക്ക് ഡൗണ്‍ മൂലം ജോലിയും പണവുമില്ലാതെ ഏറ്റവും കഷ്ടത്തിലായിരിക്കുന്നത് ദിവസവേതനത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ്.

ദിവസവും ജോലിചെയ്ത് കിട്ടുന്ന തുച്ഛമായ പണം കൊണ്ടാണ് ഇവരില്‍ പലരും ജീവിക്കുന്നത്. ഒരു ദിവസം ജോലിയില്ലെങ്കില്‍ തന്നെ ബുദ്ധിമുട്ടിലാകുന്ന അവരെ ഈ അടച്ചിരിക്കല്‍ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പ്രതിസന്ധിയിലായ ഛണ്ഡീഗഡിലുള്ള ഒരു പെയിന്റിംഗ് തൊഴിലാളി തങ്ങളെ സഹായിക്കണമെന്ന് ചുമരില്‍ എഴുതിയിരിക്കുകയാണ്.

ഞങ്ങളെ സഹായിക്കൂ എന്ന് വീടിന്റെ ചുവരില്‍ എഴുതിയിരിക്കുകയാണ് ഇയാള്‍. പഞ്ചകുലയിലുള്ള പെയിന്റിംഗ് തൊഴിലാളിയായ പവാര്‍ കുമാറാണ് ഇത്തരത്തില്‍ സഹായഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റുകള്‍ എഴുതാറുള്ള ചിത്രകാരനാണ് പവാര്‍ കുമാര്‍.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ തനിക്ക് കുറച്ച് നാളായി ജോലിയില്ലെന്നും പണമില്ലാത്തതിനാല്‍ ആഹാരസാധനങ്ങള്‍ പോലും വാങ്ങാന്‍ കഴിയില്ലെന്നും പവാര്‍ കുമാര്‍ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.”എന്റെ കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ പോലും സാധിക്കുന്നില്ല. എന്റെ കയ്യില്‍ പണമില്ല,അതുകൊണ്ട് ഭക്ഷണസാധനങ്ങള്‍ പോലും വാങ്ങാന്‍ സാധിക്കുന്നില്ല.ഞാനെന്താണ് ചെയ്യേണ്ടത്”എന്ന് പവാര്‍ കുമാര്‍ ചോദിക്കുന്നു.

ദുരിതത്തിലായ തന്റെ കുടുംബത്തെ സഹായിക്കണെന്നും ഭക്ഷണമായോ പണമായോ തന്ന് സഹായിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ഇത്തരത്തില്‍ ലോക്ക് ഡൗണ്‍ ബാധിച്ചിരിക്കുന്നത് നിരവധി പാവപ്പെട്ടവരെയാണ്. ജോലിയും കൂലിയുമില്ലാതെ രാജ്യത്ത് പട്ടിണി കിടക്കുന്നത് നിരവധി പേരാണ്.

Exit mobile version