ഇന്‍സ്‌പെക്ടര്‍ തസ്തികയ്ക്ക് താഴെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക്!

ഡിജിപി പുറപ്പെടുവിച്ച സര്‍ക്കുലര്‍ സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും കൈമാറി.

ചെന്നൈ: ഇന്‍സ്‌പെക്ടര്‍ തസ്തികയ്ക്ക് താഴെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡ്യൂട്ടി സമയങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക്. തമിഴ്‌നാട് സര്‍ക്കാരിന്റേതാണ് തീരുമാനം. ജോലിയില്‍ ശ്രദ്ധ കുറയുന്നതിനാലാണ് മൊബൈല്‍ ഫോണിന് വിലക്ക് ഏര്‍പ്പെടുത്തുന്നതെന്നാണ് വിശദീകരണം. ഇക്കാര്യം വ്യക്തമാക്കി ഡിജിപി പുറപ്പെടുവിച്ച സര്‍ക്കുലര്‍ സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും കൈമാറി.

സുപ്രധാന ഡ്യൂട്ടികളില്‍ നിയോഗിക്കപ്പെടുന്ന പോലീസുകാര്‍ ജോലിസമയത്ത് മൊബൈല്‍ഫോണിലൂടെ സോഷ്യല്‍മീഡിയയില്‍ വ്യാപൃതരാണെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കര്‍ക്കശ നടപടി. ഉത്സവം, വിഐപി സുരക്ഷ, ക്രമസമാധാനം എന്നിവയ്ക്കായി നിയോഗിക്കപ്പെട്ട പോലീസുകാര്‍ കൃത്യവിലോപം നടത്തിയതായി ചൂണ്ടിക്കാട്ടി നിരവധി പരാതികളാണ് കഴിഞ്ഞ മാസങ്ങളില്‍ ഡിജിപിക്ക് ലഭിച്ചത്. ഇതേത്തുടര്‍ന്നാണ് ജോലിസമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

എന്നാല്‍ എപ്പോഴും മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കേണ്ടതില്ലെന്നും, ഏതൊക്കെ ഡ്യൂട്ടി സമയത്താണ് മൊബൈല്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണം വേണ്ടതെന്ന് യൂണിറ്റ് ഓഫീസര്‍മാര്‍ക്ക് തീരുമാനിക്കാമെന്നും ഡിജിപിയുടെ സര്‍ക്കുലറില്‍ പറയുന്നു. ഇന്‍സ്‌പെക്ടര്‍ തസ്തികയ്ക്ക് മുകളിലുള്ള ഓഫീസര്‍മാര്‍ക്ക് ഏതുസമയവും മൊബൈല്‍ ഉപയോഗിക്കാമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Exit mobile version