ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് പുല്ലുവില നല്‍കി തെലങ്കാന മന്ത്രിമാര്‍; രാമനവമി ആഘോഷത്തില്‍ പങ്കെടുത്തു

ഹൈദരാബാദ്: കൊവിഡ് 19 രാജ്യത്തെങ്ങും വ്യാപിക്കുന്നതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഈ വിലക്കുകള്‍ മറ്റുള്ളവര്‍ മാനിക്കുമ്പോള്‍ മറ്റ് ചിലര്‍ തള്ളിക്കളയുന്ന കാഴ്ചയാണ് കാണുന്നത്. ഇപ്പോള്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് രാമനവമിയോട് അനുബന്ധിച്ചുള്ള റാലിയില്‍ പങ്കെടുത്തിരിക്കുകയാണ് തെലങ്കാന മന്ത്രിമാര്‍.

നിയമ-പരിസ്ഥിതികാര്യ മന്ത്രി അല്ലോല ഇന്ദ്രാകരണ്‍ റെഡ്ഢി, ഗതാഗത മന്ത്രി പുവ്വഡ അജയകുമാര്‍ എന്നിവരാണ് തലയില്‍ കുംഭമെടുത്ത് ശ്രീ സീതാ രാമചന്ദ്രസ്വാമി ക്ഷേത്രത്തിലെ രാമനവമി ആഘോഷത്തില്‍ പങ്കെടുത്തത്. അതേസമയം, സംസ്ഥാനത്ത് ഇതുവരെ 127 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുമ്പോഴാണ് മന്ത്രിമാരുടെ ലംഘനം.

അതേസമയം പോലീസെത്തി ആളുകളെ പിരിച്ചുവിടാന്‍ നടപടി തുടങ്ങി. ക്ഷേത്രങ്ങളില്‍ ഇന്ന് പൂജ നടക്കുന്നുണ്ടെങ്കിലും തീര്‍ത്ഥാടകര്‍ക്കായി തുറന്നുകൊടുത്തിരുന്നില്ല. ഇതോടെ ഗേറ്റിന് പുറത്ത് തീര്‍ത്ഥാടകര്‍ കൂട്ടം കൂടി നില്‍ക്കുകയായിരുന്നു. അതേസമയം പോലീസുകാര്‍ക്കെതിരെ ആള്‍ക്കൂട്ടം ആക്രമണം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റതായാണ് വിവരം.

Exit mobile version